Railways fare hike: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ ട്രെയിൻടിക്കറ്റ് നിരക്ക് വർധിക്കും
Indian Railways Trains Ticket Fare Hike: എല്ലാ യാത്രക്കാർക്കും ഈ നിരക്ക് വർധന ബാധകമല്ല. സബർബൻ ട്രെയിനുകൾക്ക് ടിക്കറ്റ് നിരക്കിൽ യാതൊരു വർധനവുമുണ്ടാകില്ല.

Train
കൊച്ചി: ഇന്ത്യൻ റെയിൽവേ യാത്രാനിരക്കുകളിൽ നാളെ, ജൂലൈ 1, 2025 മുതൽ നേരിയ വർധനവ് വരുത്താൻ തീരുമാനിച്ചു. വർഷങ്ങൾക്ക് ശേഷമാണ് റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് എന്നതിനാൽ ഈ മാറ്റങ്ങൾ യാത്രാപ്ലാനുകളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ യാത്രക്കാർക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ നിരക്ക് വർധനയെക്കുറിച്ചും അത് ആരെയൊക്കെ ബാധിക്കുമെന്നും ആരെയൊക്കെ ബാധിക്കില്ലെന്നും താഴെക്കൊടുക്കുന്നു.
പ്രധാന മാറ്റങ്ങൾ
- എസി ക്ലാസുകൾക്ക്: എസി ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് 2 പൈസ വീതം വർധിക്കും. ഇത് ദീർഘദൂര യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ കാര്യമായ വർധനവ് വരുത്തും.
- നോൺ-എസി മെയിൽ/എക്സ്പ്രസ് ട്രെയിനുകൾക്ക്: നോൺ-എസി മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് 1 പൈസ വീതം വർധിക്കും.
- വന്ദേഭാരത് ഉൾപ്പെടെയുള്ള എല്ലാ ട്രെയിനുകൾക്കും ഈ നിരക്ക് വർധന ബാധകമാണ്.
- 500 കിലോമീറ്ററിൽ കൂടുതലുള്ള സെക്കൻഡ് ക്ലാസ് യാത്ര: 500 കിലോമീറ്ററിൽ കൂടുതൽ ദൂരത്തേക്കുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്ക് കിലോമീറ്ററിന് അര പൈസ വർധനവുണ്ടാകും.
ആർക്കൊക്കെ വർധന ബാധകമാകില്ല?
- എല്ലാ യാത്രക്കാർക്കും ഈ നിരക്ക് വർധന ബാധകമല്ല. താഴെ പറയുന്ന വിഭാഗക്കാർക്ക്
- സബർബൻ ട്രെയിനുകൾക്ക് ടിക്കറ്റ് നിരക്കിൽ യാതൊരു വർധനവുമുണ്ടാകില്ല.
- 500 കിലോമീറ്റർ വരെയുള്ള സാധാരണ സെക്കൻഡ് ക്ലാസ് യാത്രകൾക്കും വർധന ബാധകമല്ല.
- സീസൺ ടിക്കറ്റുകൾക്കും (Monthly Season Tickets – MST) നിരക്ക് വർധനവ് ഉണ്ടാകില്ല.
തത്കാൽ ടിക്കറ്റ് ബുക്കിംഗിലെ മാറ്റങ്ങൾ
ജൂലൈ 1 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരും. തത്കാൽ യാത്രയുടെ ആനുകൂല്യം സാധാരണ ഉപയോക്താക്കൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പുതിയ പരിഷ്കാരങ്ങളിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.
ആധാർ ഒടിപി നിർബന്ധം: ജൂലൈ 1 മുതൽ തത്കാൽ ടിക്കറ്റുകൾക്ക് ആധാർ ഒടിപി (One Time Password) നിർബന്ധമാക്കും. ജൂലൈ 15 മുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി ഓതന്റിക്കേഷന്റെ ഒരു അധിക ഘട്ടം കൂടി പൂർത്തിയാക്കേണ്ടതായി വരും.
ഏജന്റുമാർക്ക് നിയന്ത്രണം: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ അംഗീകൃത ബുക്കിങ് ഏജന്റുമാർക്ക് ആദ്യ അരമണിക്കൂർ വിലക്കുണ്ടാകും. എസി ക്ലാസ് ബുക്കിംഗുകൾക്ക് രാവിലെ 10.00 മുതൽ 10.30 വരെയും എസി ഇതര ക്ലാസ് ബുക്കിംഗുകൾക്ക് രാവിലെ 11.00 മുതൽ 11.30 വരെയുമാണ് നിയന്ത്രണം.