ISRO Chairman: 24 മണിക്കൂറും ഇന്ത്യക്ക് സുരക്ഷ ഉറപ്പാക്കി 10 ഉപഗ്രഹങ്ങൾ, എല്ലാ മേഖലയിലും ഇന്ത്യ മുന്നിലെത്തുമെന്ന്-ഐഎസ്ആർഒ മേധാവി
ISRO Chairman's New Speech : സാധാരണക്കാരന് നൂതന ഉപഗ്രഹ സാങ്കേതികവിദ്യകൾ ആവശ്യമാണെന്നും ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുന്നതിനുമുമ്പ്, രാജ്യം എല്ലാ മേഖലകളിലും നമ്പർ 1 ആകുമെന്നും ലോകത്തിന് തന്നെ മികച്ച സംഭാവന നൽകുമെന്നും വി നാരായണൻ

Isro Chairman
പാകിസ്താനിൽ നിന്നുള്ള ഭീഷണികൾ തുടരുമ്പോഴും ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ ഐഎസ്ആർഒയുടെ 10 ഉപഗ്രഹങ്ങൾ പ്രവർത്തിക്കുകയിയാിരുന്നെന്ന് ചെയർമാൻ വി. നാരായണൻ വ്യക്തമാക്കി. അഗർത്തലയിലെ കേന്ദ്ര കാർഷിക സർവകലാശാലയുടെ അഞ്ചാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ ഉപഗ്രഹങ്ങൾ 24 മണിക്കൂറും നിരീക്ഷണത്തിൽ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“നമ്മുടെ 7,000 കിലോമീറ്റർ തീരദേശങ്ങൾ നിരീക്ഷിക്കാൻ ഉപഗ്രഹങ്ങൾ അനിവാര്യമാണ്. സാറ്റലൈറ്റ്, ഡ്രോൺ സാങ്കേതികവിദ്യകൾ ഇല്ലാതെ ഇത് സാധ്യമല്ല,” എന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഐഎസ്ആർഒ 127 ഇന്ത്യൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽ 22 എണ്ണം ലോ എർത്ത് ഓർബിറ്റിലായും, 29 എണ്ണം ജിയോ-സിങ്ക്രോണസ് ഓർബിറ്റിലായും പ്രവർത്തിക്കുന്നു.
മറ്റൊരു കണക്ക് നോക്കിയാൽ ഇന്ത്യയ്ക്ക് സ്വന്തമായി ഇപ്പോൾ ഏകദേശം പന്ത്രണ്ടോളം നിരീക്ഷണ ഉപഗ്രഹങ്ങളുണ്ട്. കാർട്ടോസാറ്റ്, റിസാറ്റ്, എമിസാറ്റ്, മൈക്രോസാറ്റ് എന്നീ സീരിസുകൾ ഇതിൽ ഉൾപ്പെടുന്നു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 52 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇൻ-സ്പേസ് ചെയർമാൻ പവൻ കുമാർ ഗോയങ്ക വ്യക്തമാക്കിയിരുന്നു. കൂടാതെ മേയ് 18-ന് ഇഒഎസ്-09 (റിസാറ്റ്-1ബി) വിക്ഷേപിക്കാനാണ് ഐഎസ്ആർഒ ഒരുങ്ങുന്നത്.
അതേസമയം സാധാരണക്കാർക്ക് കൂടി ഉപഗ്രഹ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താവുന്നവിധം വികസനം ഉണ്ടാകണമെന്ന് വി. നാരായണൻ പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റെ ശതാബ്ദി ആഘോഷിക്കുന്നതിന് മുൻപ്, രാജ്യത്തെ എല്ലാ മേഖലയിലും ഒന്നാമതാക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും, ആഗോളതലത്തിൽ ഇന്ത്യയുടെ സംഭാവനകൾ അംഗീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വികസനത്തിന് ഐഎസ്ആർഒയുടെ സഹായം തുടരുന്നുണ്ടെന്നും നിരവധി ഉപഗ്രഹങ്ങൾ ഈ മേഖലയിൽ രാജ്യത്തിനായി സേവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം ബിരുദമെടുക്കുന്ന വിദ്യാർത്ഥികളോട് സമൂഹത്തിനായി സേവനം ചെയ്യുന്നതാണ് പ്രധാന ഉത്തരവാദിത്തമെന്നും അദ്ദേഹം ഓർമിപ്പിച്ചു.