Constitution day 2025: എന്തുകൊണ്ടാവും നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്… മറക്കരുത് ഇക്കാര്യങ്ങൾ
Why India Celebrates November 26 as Samvidhan Divas: ഭരണഘടന അംഗീകരിച്ചത് നവംബർ 26-നാണെങ്കിലും, അത് പ്രാബല്യത്തിൽ വന്നത് 1950 ജനുവരി 26-നാണ്. ഈ ദിവസമാണ് നമ്മൾ റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും….. ഈ വാക്കുകൾ ഏതൊരു ഇന്ത്യക്കാരനും മനപാഠമാണ്. ഇത് എത്രമാത്രം പ്രധാനമാണ് എന്ന് നമുക്കെല്ലാമറിയാം. അത്രയും തന്നെ പ്രധാനമാണ് ഓരോ വർഷവും നവംബർ 26 എന്ന ദിവസവും.
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വിജയഗാഥയുടെ ഓർമ്മ പുതുക്കുന്ന ദിനമാണ് നവംബർ 26, ഭരണഘടനാ ദിനം അഥവാ സംവിധാൻ ദിവസ്. 1949 നവംബർ 26-നാണ് ഭരണഘടനാ നിർമ്മാണ സഭ നമ്മുടെ രാജ്യത്തിൻ്റെ ഭരണഘടനയ്ക്ക് ഔദ്യോഗികമായി അംഗീകാരം നൽകിയത്. ഈ അംഗീകാരത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്താണ് ഈ ദിനം ആചരിക്കുന്നത്.
ചരിത്രത്തിലെ നാഴികക്കല്ല്
സ്വാതന്ത്ര്യാനന്തരം, ഇന്ത്യയ്ക്ക് സ്വന്തമായി ഒരു നിയമസംഹിത ആവശ്യമായിരുന്നു. ഈ ലക്ഷ്യത്തോടെയാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കുകയും ഏകദേശം 2 വർഷവും 11 മാസവും 18 ദിവസവും നീണ്ട കഠിനാധ്വാനത്തിലൂടെ ഭരണഘടനയ്ക്ക് രൂപം നൽകുകയും ചെയ്തത്. ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ് ഇതിന് നിർണായക പങ്ക് വഹിച്ചത്. അതിനാൽ, അദ്ദേഹം “ഇന്ത്യൻ ഭരണഘടനയുടെ ശിൽപി” എന്നറിയപ്പെടുന്നു. ഭരണഘടന അംഗീകരിച്ചത് നവംബർ 26-നാണെങ്കിലും, അത് പ്രാബല്യത്തിൽ വന്നത് 1950 ജനുവരി 26-നാണ്. ഈ ദിവസമാണ് നമ്മൾ റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
Also read – പ്രധാനമന്ത്രി രാമക്ഷേത്രത്തിൽ പവിത്രമായ കാവി പതാക ഉയർത്തി
നവംബർ 26 ഒരു ഔദ്യോഗിക ഭരണഘടനാ ദിനമായി പ്രഖ്യാപിച്ചത് 2015-ലാണ്. ഡോ. ബി.ആർ. അംബേദ്കറുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ചായിരുന്നു ഈ സുപ്രധാന പ്രഖ്യാപനം. ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും തത്വങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുക, അംബേദ്കറുടെ സംഭാവനകളെ ഓർമ്മിക്കുക എന്നിവയാണ് ഈ ദിനാചരണത്തിൻ്റെ പ്രധാന ലക്ഷ്യം.
നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ശിലകൾ. ഭരണഘടനയുടെ ആമുഖം വായിച്ചും, ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തും, വിവിധ പരിപാടികളിൽ പങ്കെടുത്തുമെല്ലാം ഈ ദിനം ആചരിക്കുന്നു. ഭരണഘടനയെക്കുറിച്ചുള്ള അറിവ് ഭാവി തലമുറകളിലേക്ക് കൈമാറേണ്ടതിൻ്റെ പ്രാധാന്യവും ഈ ദിനം ഓർമ്മിപ്പിക്കുന്നു.