IndiGo: 10,000 രൂപയുടെ ട്രാവൽ വൗച്ചറുകളുമായി ഇൻഡിഗോ, ലഭിക്കുന്നത് ഇവർക്ക്…
IndiGo Travel Vouchers: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമീപ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണ് നേരിട്ടത്. പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമം ആണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണം.
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയിൽ ബുദ്ധിമുട്ടിയ യാത്രക്കാർക്ക് ട്രാവൽ വൗച്ചറുകൾ നൽകുമെന്ന് എയർലൈൻ പ്രഖ്യാപിച്ചു. ഡിസംബർ 3 മുതൽ 5 വരെ ഉണ്ടായ അനിശ്ചിതാവസ്ഥയിൽ ഗുരുതരമായി ബാധിക്കപ്പെട്ട യാത്രക്കാർക്ക് നഷ്ടപരിഹാരമായി 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ നൽകുമെന്നാണ് ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചത്. എന്നാൽ, ഗുരുതരമായി ബാധിക്കപ്പെട്ട എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നോ, നഷ്ടപരിഹാരം ലഭിക്കേണ്ട ഉപഭോക്താക്കളെ എങ്ങനെയാണ് തിരിച്ചറിയുന്നതെന്നോ വിമാനക്കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമീപ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണ് നേരിട്ടത്. പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമം ആണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണം. പൈലറ്റുമാരുടെ ജോലി സമയം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ നടപ്പിലാക്കിയതിലെ ആസൂത്രണ പിഴവാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഇൻഡിഗോ സമ്മതിച്ചിരുന്നു.
ALSO READ: ഇൻഡിഗോ പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? കഴിഞ്ഞ ഏഴ് ദിവസമായി ഉറക്കമില്ലെന്ന് വ്യോമയാന മന്ത്രി
ചൊവ്വാഴ്ചയോടെ സർവീസുകൾ സാധാരണ നിലയിലായെന്നും, 1800-ലധികം വിമാനങ്ങൾ സർവീസ് നടത്തിയെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇൻഡിഗോ സിഇഒയ്ക്കും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി.
പുതിയ ജോലി സമയ ചട്ടങ്ങൾ (FDTL) കൃത്യമായ കൂടിയാലോചനകൾക്ക് ശേഷമാണ് നടപ്പിലാക്കിയതെന്നും വീഴ്ചകളിൽ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കി. എയർലൈനിന്റെ വീഴ്ചകൾക്കൊപ്പം വ്യോമയാന റെഗുലേറ്ററായ ഡിജിസിഎയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായോ എന്നും പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.