APJ Abdul Kalam Birth Anniversary: ‘ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാൻ’; എപിജെ അബ്ദുൽ കലാമിന്റെ സ്മരണയിൽ രാജ്യം
Dr APJ Abdul Kalam 93rd Birth Anniversary: ഇന്ത്യ കണ്ട എക്കാലത്തെയും എളിമയുള്ള, ദീർഘവീക്ഷണമുള്ള രാഷ്‌ട്രപതി ഡോ. എപിജെ അബ്ദുൽ കലാമിന് 93-ാം ജന്മവാർഷികം.

ഡോ. എപിജെ അബ്ദുൽ കലാം (Image Credits: Santosh Gupta/HT via Getty Images, Kalyan Chakravorty/IT via Getty Images)
ഇന്ത്യക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച ഡോ. എപിജെ അബ്ദുൽ കലാമിന്റെ 93-ാം ജന്മവാർഷിക നിറവിൽ രാജ്യം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എപിജെ അബ്ദുൽ കലാം ജനിച്ചത് തമിഴ്‌നാട്ടിലെ രാമേശ്വരത്താണ്. 1931 ഒക്ടോബർ 15 -ന് ജനിച്ച ഇദ്ദേഹം പ്രശസ്തനായ മിസൈൽ സാങ്കേതിക വിദഗ്ധനും എൻജിനീയറും കൂടെയായിരുന്നു. എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ അബ്ദുൽ കലാം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം, ബഹിരാകാശ ഗവേഷണകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലും ഉന്നത സ്ഥാനങ്ങൾ വഹിച്ചു.
മിസൈൽ സാങ്കേതിക വിദ്യയിൽ അബ്ദുൽ കലാം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന് ‘ഇന്ത്യയുടെ മിസൈൽ മാൻ’ എന്ന വിളിപ്പേര് ലഭിച്ചത്. രണ്ടാമത് പൊഖ്‌റാൻ ആണവ പരീക്ഷണം, അഗ്നി , പ്രിത്വി മിസൈലുകൾ തുടങ്ങിയ പദ്ധതികളിൽ അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. തുടർന്ന്, 2002-ലാണ് അബ്ദുൽ കലാം രാഷ്‌ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ജനകീയ നയങ്ങൾ കൊണ്ട് ജനങ്ങളുടെ മനസിൽ ഇടം നേടിയ അദ്ദേഹത്തിന് ‘ജനങ്ങളുടെ രാഷ്‌ട്രപതി’ എന്ന പേരും ലഭിച്ചു. പിന്നീട് 2007-ൽ രാഷ്‌ട്രപതി സ്ഥാനം ഒഴിഞ്ഞ ശേഷം, അദ്ദേഹം അധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജന സേവനം തുടങ്ങിയ അദ്ദേഹത്തിന്റെ ഇഷ്ടമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ALSO READ: ഇന്ന് ഗാന്ധി ജയന്തി; അഹിംസയെ സമരായുധമാക്കിയ സത്യാന്വേഷി, രാഷ്ട്രപിതാവിന്റെ സ്മരണയിൽ രാജ്യം
ഇന്ത്യ കണ്ട എക്കാലത്തെയും എളിമയുള്ള, ദീർഘവീക്ഷണമുള്ള രാഷ്‌ട്രപതി, കുരുന്നുകളെ സ്വപ്നം കാണാനും പഠിപ്പിച്ചു. “ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം. നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നമെന്ന്” അബ്ദുൽ കാലം എല്ലാവരെയും പഠിപ്പിച്ചു. അദ്ദേഹം വാചകങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങൾക്ക് പ്രായഭേദമന്യേ പ്രചോദനം നൽകി. അബ്ദുൽ കലാം രാജ്യത്തിന് നൽകിയ സംഭാവനകൾക്ക് ഭാരത സർക്കാർ അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്ന എന്നിവ നൽകി ആദരിച്ചു.
വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടുത്തെ വിദ്യാർത്ഥികളുമായി സംവദിക്കുന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. വിദ്യാർത്ഥികൾക്കും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ വലിയ താല്പര്യമായിരുന്നു. വിദ്യാർത്ഥികളുമായി സംവദിക്കാനായി അദ്ദേഹം തന്റെ ഇ-മെയിൽ എന്നും സജീവമായി വെച്ചിരുന്നു. അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അങ്ങനെ, 2015 ജൂലൈ 27-ന് തന്റെ 84-ാം വയസിൽ അബ്ദുൽ കലാം അന്തരിച്ചു. ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, അബ്ദുൽ കലാമിന്റെ ജന്മദിനം ലോക വിദ്യാർത്ഥി ദിനമായി ഐഖ്യരാഷ്ട്രസഭ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യയിൽ പ്രധാന പദവിയിൽ ഇരിക്കുന്നവർ പോലും ഈ ദിനം ആഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്ത്യക്കാർ കലാമിന്റെ ജന്മദിനം വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു. ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട രാഷ്‌ട്രപതിയെ ഓർമ്മിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ദിനം.