AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

International Women’s Day 2025: ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും 111 തൈകള്‍ നടുന്ന നാട്; ഇങ്ങനെയും ഒരു ഗ്രാമമുണ്ട് ഇന്ത്യയില്‍

About the model Piplantri set for the world: നാട്ടുകാരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായി 2.5 ലക്ഷത്തിലധികം മരങ്ങള്‍ പിപ്ലാന്ത്രിക്ക് പച്ചപ്പ് വിരിച്ചു. പിപ്ലാന്ത്രി ലോകത്തിന് കാണിച്ച ഹരിത വിപ്ലവം ശ്രദ്ധിക്കപ്പെട്ടു. ചര്‍ച്ചയായി. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമുള്ള മാര്‍ഗം കൂടിയാണ് ഈ പ്രവര്‍ത്തനമാതൃക. ഗ്രാമത്തിന്റെ പ്രകൃതി സൗന്ദര്യം വര്‍ധിച്ചതാണ് അധിക ബോണസ്

International Women’s Day 2025: ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും 111 തൈകള്‍ നടുന്ന നാട്; ഇങ്ങനെയും ഒരു ഗ്രാമമുണ്ട് ഇന്ത്യയില്‍
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 08 Mar 2025 07:18 AM

”ഒരു തൈ നടാം അമ്മയ്ക്കു വേണ്ടി ഒരു തൈ നടാം കൊച്ചു മക്കൾക്ക്‌ വേണ്ടി, ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി, ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി”-സുഗതകുമാരി ടീച്ചര്‍ മലയാളിയെ പാടിപഠിപ്പിച്ച ഈ ഗാനശകലത്തിലെ വരികള്‍ പ്രവര്‍ത്തിയിലൂടെ യാഥാര്‍ത്ഥ്യമാക്കിയ ഒരു ഗ്രാമമുണ്ട് രാജസ്ഥാനില്‍. പേര് ‘പിപ്ലാന്ത്രി’. പക്ഷേ, പിപ്ലാന്ത്രിയിലുള്ളവര്‍ നട്ടത് ഒരു തൈ അല്ല. നൂറിലേറെ തൈകളാണ്. ആ കഥയിലേക്ക്.

രാജസ്ഥാനിലെ ‘പിപ്ലാന്ത്രി’ എന്ന ഗ്രാമത്തെക്കുറിച്ച് പരാമര്‍ശിക്കാതെ വനിതാ ദിനം എങ്ങനെ കടന്നുപോകും? പിപ്ലാന്തിയുടെ മഹനീയ മാതൃക ഈ ദിനത്തില്‍ മാത്രം ആഘോഷിക്കപ്പെടേണ്ടതല്ല. സ്ത്രീകളോട് വിവേചന മനോഭാവം പുലര്‍ത്തിയിരുന്ന സമൂഹത്തിന്റെ കെട്ടുകാഴ്ചകളില്‍ അകപ്പെടാതെ മാതൃക കാണിച്ച ഒരു ഗ്രാമമാണിത്. പിപ്ലാന്ത്രി റോള്‍ മോഡലായത് ഇന്നോ, ഇന്നലെയോ അല്ല. ഒരു ദശാബ്ദത്തിന്റെ പഴക്കമുണ്ട് അതിന്. രാജസ്ഥാന്റെ ഹൃദയഭാഗത്തുള്ള ഒരു ഗ്രാമം. ഭൂപ്രകൃതിയുടെ ഭംഗി മാത്രമല്ല, സാമൂഹിക മാറ്റവും, പരിസ്ഥിതി സംരക്ഷണവും മുന്‍നിര്‍ത്തി ലോകത്തിന് കാണിച്ച മഹനീയ മാതൃക കൂടിയാണ് പിപ്ലാന്ത്രിയെ ‘സമ്പന്ന’മാക്കുന്നത്.

ചെറിയ ഒരു നാടിന് വലിയ ഒരു മാറ്റം എങ്ങനെ സാധ്യമാകുമെന്ന് പിപ്ലാന്ത്രി കാണിച്ചുതന്നു. പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനൊപ്പം, പരിസ്ഥിതി സംരക്ഷണവും, അതാണ് ഈ നാടിന്റെ നിലപാട്. ആ നിലപാടാണ് പിപ്ലാന്ത്രിയുടെ പാരമ്പര്യവും. ഗ്രാമത്തില്‍ ഓരോ പെണ്‍കുട്ടി ജനിക്കുമ്പോള്‍ നാട്ടുകാര്‍ 111 തൈകള്‍ നടും. ഈ വേറിട്ട മാതൃക ഒരു ദശാബ്ദത്തിലേറെയായി ഇവര്‍ പിന്തുടരുന്നു.

ഈ സവിശേഷമായ ആചാരമാണ് പിപ്ലാന്ത്രിയെ ശ്രദ്ധേയമാക്കുന്നത്. തൈകള്‍ നടുക മാത്രമല്ല, അവ വളര്‍ത്തുന്നതും നാട്ടുകാര്‍ ഉത്തരവാദിത്തമായി ഏറ്റെടുക്കും. ഇതോടെ സാമൂഹിക പുരോഗതിയുടെ വലിയൊരു അടയാളപ്പെടുത്തലായി ഈ കൊച്ചുഗ്രാമം മാറി.

വേപ്പ്, മാവ് തുടങ്ങി നിരവധി തൈകളാണ് നാട്ടുകാര്‍ നട്ടുപിടിപ്പിച്ചത്. നാട്ടുകാരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായി 2.5 ലക്ഷത്തിലധികം മരങ്ങള്‍ പിപ്ലാന്ത്രിക്ക് പച്ചപ്പ് വിരിച്ചു. അതോടെ പിപ്ലാന്ത്രി ലോകത്തിന് കാണിച്ച ഹരിത വിപ്ലവം ശ്രദ്ധിക്കപ്പെട്ടു. ചര്‍ച്ചയായി. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമുള്ള മാര്‍ഗം കൂടിയാണ് ഈ വേറിട്ട പ്രവര്‍ത്തനമാതൃക. ഒപ്പം ഗ്രാമത്തിന്റെ പ്രകൃതി സൗന്ദര്യം വര്‍ധിച്ചതാണ് അധിക ബോണസ്.

നിരവധി കറ്റാര്‍ വാഴകള്‍ നാട്ടുകാര്‍ നട്ടുപിടിപ്പിച്ചത്‌ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലും വമ്പന്‍ മാറ്റമുണ്ടാക്കി. കറ്റാര്‍ വാഴയുടെ സാധ്യതകള്‍ പിന്നീട് മനസിലാക്കിയ ഗ്രാമവാസികള്‍ അവയുടെ ജെല്ലടക്കം സംസ്‌കരിച്ച്‌ വില്‍ക്കാന്‍ തുടങ്ങി.

Read Also : Patanjali Food Park: 1,500 കോടിയുടെ പദ്ധതി; നാഗ്പൂരിൽ പതഞ്ജലിയുടെ മെഗാ ഫുഡ് പാർക്ക് 9ന് ആരംഭിക്കും

ഇതുകൊണ്ടും കാര്യങ്ങള്‍ കഴിഞ്ഞില്ല. പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയും ഈ നാട്ടിലുണ്ടത്രേ. കമ്മ്യൂണിറ്റി കൂട്ടായി 21,000 രൂപ സംഭാവന നല്‍കും. മാതാപിതാക്കളില്‍ നിന്ന് 10,000 രൂപയും സ്വീകരിക്കും. പെണ്‍കുട്ടിക്ക് 20 വയസ് തികയുമ്പോള്‍ ലഭ്യമാകുന്ന തരത്തില്‍ ഒരു ഫിക്‌സഡ് അക്കൗണ്ടിലേക്ക് ഈ തുക നിക്ഷേപിക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിദ്യാഭ്യാസത്തിനാണ് നാടിന്റെ മുന്‍ഗണന. നിയമപരമായ പ്രായം പിന്നിടും വരെ വിവാഹം കഴിപ്പിക്കുകയുമില്ല. ഇതിനായി മാതാപിതാക്കള്‍ സത്യവാങ്മൂലത്തില്‍ ഒപ്പിടും. മകള്‍ കിരണിന്റെ സ്മരണയ്ക്കായി മുന്‍ ഗ്രാമത്തലവന്‍ ശ്യാം സുന്ദറാണ് ഈ ആശയം ആരംഭിച്ചത്. സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നിവ എങ്ങനെ സാധ്യമാക്കാമെന്ന് മറ്റ് നാടുകള്‍ക്ക് പഠിപ്പിച്ചുതന്ന ഒരു പാഠശാല കൂടിയാണ് ഇന്ന് പിപ്ലാന്ത്രി.