IRCTC New policy: ടിക്കറ്റ് റദ്ദാക്കണ്ട; യാത്ര മാറ്റിവയ്ക്കാം! ഐആർസിടിസിയുടെ പുതിയ നയം ഉടൻ വരുമോ?
IRCTC will soon launch a new policy: ലോകത്തിലെ പല രാജ്യങ്ങളിലും യാത്രക്കാർക്ക് ടിക്കറ്റ് ഇത്തരത്തിൽ ഫ്ലെക്സിബിളായി ഉപയോഗിക്കാൻ സൗകര്യമുണ്ട്. യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേയും ഈ ദിശയിൽ ചുവടുവെക്കുന്നത്.

Indian Railways
ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് തങ്ങളുടെ കൺഫേം ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്നതിന് പകരം യാത്രാ തീയതി മാറ്റിവെക്കാൻ സൗകര്യമൊരുക്കുന്ന ഇന്ത്യൻ റെയിൽവേ പുതിയ മാറ്റം ഉടൻ നടപ്പിലാകുമെന്ന് സൂചന. ഇതനുസരിച്ച്, യാത്രക്കാർക്ക് ടിക്കറ്റ് കാൻസൽ ചെയ്ത് സാമ്പത്തിക നഷ്ടം വരുത്തുന്നതിനു പകരം പുതിയ യാത്രാ തിയതി തിരഞ്ഞെടുക്കാൻ സാധിക്കും. അതായത്, യാത്ര മാറ്റിവെക്കേണ്ടി വന്നാലും ടിക്കറ്റ് റദ്ദാക്കേണ്ട ആവശ്യമില്ല, പുതിയ തിയതി തിരഞ്ഞെടുത്ത് മറ്റൊരു ദിവസം യാത്ര ചെയ്യാം.
ഈ സൗകര്യം ഉടൻ തന്നെ IRCTC വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ലഭ്യമാകും എന്നാണ് പ്രതീക്ഷ. യാത്രക്കാർക്ക് ലോഗിൻ ചെയ്ത് ബുക്ക് ചെയ്ത ടിക്കറ്റുകൾ കാണാനും, സീറ്റ് ലഭ്യത അനുസരിച്ച് പുതിയ തീയതിയോ ട്രെയിനോ തിരഞ്ഞെടുക്കാനും കഴിയും. ഇതിനായി ടിക്കറ്റ് നിരക്കിൽ വ്യത്യാസം ഉണ്ടെങ്കിൽ മാത്രം നൽകിയാൽ മതിയാകും. അധിക ചാർജുകളൊന്നും ഈടാക്കില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത.
നിലവിലെ ക്യാൻസലേഷൻ ചാർജുകൾ
നിലവിലെ നിയമമനുസരിച്ച്, കൺഫേം ചെയ്ത ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ ക്യാൻസലേഷൻ ഫീസ് നൽകേണ്ടതുണ്ട്. നിലവിലെ ക്യാൻസലേഷൻ നിയമങ്ങൾ പ്രകാരം, ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിൽ ടിക്കറ്റ് റദ്ദാക്കിയാൽ പോലും ടിക്കറ്റ് നിരക്കിന്റെ 25% വരെ കാൻസലേഷൻ ഫീസായി ഈടാക്കുന്നുണ്ട്.
ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിലധികം മുമ്പാണ് കൺഫേം ചെയ്ത ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ, വിവിധ ക്ലാസുകൾക്ക് അനുസരിച്ച് IRCTC ഈടാക്കുന്ന തുക വ്യത്യസ്തമാണ്. ഫസ്റ്റ് എസി എക്സിക്യൂട്ടീവ് ക്ലാസിൽ 240 രൂപയും സെക്കൻഡ് എസി ഫസ്റ്റ് ക്ലാസിൽ 200 രൂപയും തേർഡ് എസി ചെയർ കാറിൽ 180 രൂപയും സ്ലീപ്പറിന് 120 രൂപ, സെക്കൻഡ് ക്ലാസിന് 60 രൂപ എന്നിങ്ങനെയുമാണ് ഈടാക്കുന്നത്.
ഈ പുതിയ സൗകര്യം വിദ്യാർത്ഥികൾ, ഓഫീസ് ജീവനക്കാർ, എന്നിങ്ങനെയുള്ള സ്ഥിരം യാത്രക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യും. യാത്രാ പ്ലാനുകളിൽ പെട്ടെന്ന് മാറ്റം വന്നാലും ഇനി ടെൻഷനില്ലാതെ ടിക്കറ്റ് മാറ്റിവെക്കാം.
ലോകത്തിലെ പല രാജ്യങ്ങളിലും യാത്രക്കാർക്ക് ടിക്കറ്റ് ഇത്തരത്തിൽ ഫ്ലെക്സിബിളായി ഉപയോഗിക്കാൻ സൗകര്യമുണ്ട്. യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേയും ഈ ദിശയിൽ ചുവടുവെക്കുന്നത്.