Justice Surya Kant: കര്‍ഷക കുടുംബത്തില്‍ ജനനം, സുപ്രധാന വിധികളില്‍ സാന്നിധ്യം; ഗ്രാമത്തെ നെഞ്ചേറ്റുന്ന ജസ്റ്റിസ് സൂര്യകാന്ത്
Justice Surya Kant Biography: അടുത്ത ചീഫ് ജസ്റ്റിസായി ബിആര്‍ ഗവായി ശുപാര്‍ശ ചെയ്തത് പ്രകാരമാണ് സൂര്യകാന്തിലേക്ക് അവസരമെത്തുന്നത്. ഏറ്റവും സീനിയറായ ജസ്റ്റിസാണ് സാധാരണയായി ശുപാര്‍ശ ചെയ്യപ്പെടാറ്.
സുപ്രീംകോടതിയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നവംബര്‍ 24ന് സ്ഥാനമേല്‍ക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി നവംബര്‍ 23നാണ് വിരമിക്കുന്നത്. 2027ല്‍ വിരമിക്കുന്നത് വരെ സൂര്യകാന്ത് തുടരും. അടുത്ത ചീഫ് ജസ്റ്റിസായി ബിആര്‍ ഗവായി ശുപാര്‍ശ ചെയ്തത് പ്രകാരമാണ് സൂര്യകാന്തിലേക്ക് അവസരമെത്തുന്നത്. ഏറ്റവും സീനിയറായ ജസ്റ്റിസാണ് സാധാരണയായി ശുപാര്‍ശ ചെയ്യപ്പെടാറ്. 2019 മെയ് 24നാണ് സൂര്യകാന്ത് സുപ്രീംകോടതിയിലേക്ക് എത്തുന്നത്. നിലവില്‍ സീനിയോരിറ്റി കൂടുതലുള്ളത് ഇദ്ദേഹത്തിനാണ്.
കര്‍ഷക കുടുംബത്തില്‍ ജനനം
1962 ഫെബ്രുവരി 10ന് ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് സൂര്യകാന്തിന്റെ ജനനം. പെട്വാഡ് ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷക കുടുംബമാണ് അദ്ദേഹത്തിന്റേത്. സ്‌കൂള്‍ അധ്യാപകനായിരുന്നു പിതാവ്. ബെഞ്ചുകളില്ലാത്ത സ്‌കൂളില്‍ തറയിലിരുന്ന് പഠിച്ചാണ് രാജ്യത്തെ പരമോന്നത കോടതിയുടെ തലവനായി അദ്ദേഹം എത്തുന്നത്.
റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടിയ സൂര്യകാന്ത് തുടക്കക്കാലത്ത് ജില്ലാ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. പിന്നീട് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ ജോലി ചെയ്ത അദ്ദേഹം തന്റെ 38ാം വയസില്‍ സംസ്ഥാനത്തെ പ്രായംകുറഞ്ഞ അഡ്വക്കേറ്റ് ജനറലുമായി. 2004ലാണ് സൂര്യകാന്ത് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയാകുന്നത്.




ശേഷം 2011ല്‍ കുരുക്ഷേത്ര സര്‍വകലാശാലയില്‍ നിന്നും വിദൂരപഠനം വഴി നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. പതിനാല് വര്‍ഷത്തോളം ഹൈക്കോടതി ജഡ്ജിയായതിന് ശേഷം 2018ല്‍ ഹിമാചല്‍പ്രദേശ് ചീഫ് ജസ്റ്റിസുമായി.
ജനിച്ചത് കര്‍ഷക കുടുംബത്തിലായതിനാല്‍ തന്നെ വീട്ടുകാരെ കൃഷിയില്‍ സഹായിക്കാന്‍ സൂര്യകാന്ത് എപ്പോഴും സമയം കണ്ടെത്തിയിരുന്നു. പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷയെഴുതാന്‍ വേണ്ടിയാണ് അദ്ദേഹം ഗ്രാമം വിട്ട് ആദ്യമായി നഗരത്തിലേക്ക് എത്തുന്നത്. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് ജന്മനാട്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നെങ്കിലും തന്റെ ഗ്രാമത്തിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കാനായി സമ്മാനങ്ങളുമായി അദ്ദേഹം എപ്പോഴും എത്താറുണ്ട്.
Also Read: Nationwide SIR : കേരളമടക്കം 12 സംസ്ഥാനങ്ങളിൽ എസ്‌ഐആർ; നടപടിക്രമങ്ങൾ നാളെ മുതൽ
സുപ്രധാന വിധികളിലും ഭാഗം
ഒട്ടേറെ സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചിലും ജസ്റ്റിസ് സൂര്യകാന്ത് അംഗമായിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടന 370ാം അനുച്ഛേദം റദ്ദാക്കിയത് ശരിവെച്ചു, രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചു, അത്തരം കേസുകളിലെ എഫ്‌ഐആറില്‍ തുടര്‍നടപടികള്‍ പാടില്ലെന്ന് വ്യക്തമാക്കി, ബിഹാര്‍ എസ്‌ഐആറിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഉത്തരവിട്ടു, തുടങ്ങി ഒട്ടേറെ വിധികള്‍ സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു.