Gold: സ്ത്രീകൾക്ക് പരമാവധി അണിയാവുന്നത് മൂന്ന് സ്വർണാഭരണങ്ങൾ; ഉത്തരാഖണ്ഡിലെ ഈ ഗ്രാമത്തിലുള്ളത് പ്രത്യേക നിയമം
Special Law For Wearing Gold: സ്വർണാഭരണങ്ങൾ ധരിക്കുന്നത് പ്രത്യേക നിയമം. ഡെറാഡൂണിലെ ഒരു ഗ്രാമത്തിലാണ് പ്രത്യേക നിബന്ധന ഏർപ്പെടുത്തിയത്.

പ്രതീകാത്മക ചിത്രം
ഉത്തരാഖണ്ഡിലെ ഒരു ആദിവാസി ഗ്രാമത്തിൽ പ്രത്യേക നിയമമുണ്ട്. ഡെറാഡൂൺ ജില്ലയിലെ കാന്ദാർ എന്ന എന്ന ഗ്രാമത്തിൽ സ്ത്രീകൾക്ക് അണിയാവുന്ന സ്വർണാഭരണങ്ങളുടെ എണ്ണത്തിലാണ് പ്രത്യേക നിബന്ധനയുള്ളത്. അടുത്തിടെ പഞ്ചായത്ത് പുറപ്പെടുവിച്ച നിബന്ധനപ്രകാരം ഗ്രാമത്തിലെ സ്ത്രീകൾ പൊതുചടങ്ങുകളിൽ മൂന്ന് സ്വർണാഭരണങ്ങളിൽ കൂടുതൽ അണിയാൻ പാടില്ല.
സ്വർണത്തിൻ്റെ വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് നിബന്ധന പുറപ്പെടുവിച്ചത്. സ്വർണവില വർധിക്കുന്നതിനാൽ സ്വത്ത് പ്രദർശിപ്പിക്കാനുള്ള സാമൂഹ്യ സമ്മർദ്ദം ആളുകളെ ബാധിക്കുന്നുണ്ടെന്ന കണക്കുകൂട്ടലാണ് തീരുമാനത്തിന് കാരണം. മംഗൽസൂത്ര, മൂക്കുത്തി, കമ്മൽ എന്നിവയൊഴികെ മറ്റൊന്നും സ്ത്രീകൾ ധരിക്കാൻ പാടില്ല. ഇതിൽ കൂടുതൽ സ്വർണാഭരണം ധരിക്കുന്നവർ 50,000 രൂപ പിഴയടയ്ക്കേണ്ടിവരും.
Also Read: Viral Video: കുട്ടിക്ക് ചികിത്സ നിഷേധിച്ചു, പിതാവിനെ അടിച്ച് വനിതാ ഡോക്ടർ; വീഡിയോ വൈറൽ
ഗ്രാമത്തിലെ താമസക്കാരിയായ 80 വയസുകാരി ഉമ ദേവി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. “ഞങ്ങളിൽ അധിക ആളുകളും ദരിദ്രരാണ്. സാധാരണ ജീവിതമാണ് നയിക്കുന്നത്. പഞ്ചായത്ത് ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഞാൻ കരുതുന്നു.”- ഉമ ദേവി പറഞ്ഞതായി ന്യൂസ്18 റിപ്പോർട്ട് ചെയ്തു.
ഗ്രാമത്തിലെ മറ്റൊരു താമസക്കാരിയായ ഉമാ ദേവിയും ഈ തീരുമാനത്തെ അനുകൂലിച്ചു. ഇംഗ്ലീഷ് വിസ്കി കൂടി നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നേരത്തെ ഗ്രാമത്തിൽ കള്ള് വാറ്റാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ വിദേശമദ്യം നമ്മുടെ വീടുകളിലെത്തി. ഇതും പാവങ്ങൾക്ക് വാങ്ങാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഗ്രാമത്തിലെ ചില പുരുഷന്മാർക്ക് സർക്കാർ ജോലി ലഭിച്ചതോടെ കുടുംബത്തിലെ സ്ത്രീകൾ കൂടുതലായി സ്വർണാഭരണങ്ങൾ ധരിക്കുന്ന പതിവ് ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്. 200 ഗ്രാം വരെയുള്ള ആഭരണങ്ങൾ ഇവർ ധരിക്കാറുണ്ട്. ഇപ്പോഴത്തെ വില പരിഗണിച്ചാൽ ഈ ആഭരണങ്ങൾക്ക് 25 ലക്ഷം രൂപ വരെ നൽകേണ്ടിവരും. ഇത് പല കുടുംബങ്ങൾക്കും താങ്ങാൻ കഴിയുന്നതല്ലെന്നും ഗ്രാമത്തിലെ താമസക്കാർ പറയുന്നു.