Kapidhwaja: തണുത്തുറച്ച സിയാച്ചിനില്‍ ഓടിയെത്തുന്ന ‘പടക്കുതിര’, ഇത് ഇന്ത്യയുടെ സ്വന്തം കപിധ്വജ
Kapidhwaja Specialist Mobility Vehicle: ദുര്‍ഘടമായ പ്രദേശത്ത് ഇന്ത്യന്‍ സൈന്യത്തിന് ലോജിസ്റ്റിക് പിന്തുണയടക്കം ഉറപ്പുവരുത്താനാണ് കപിധ്വജ ഉപയോഗിക്കുന്നത്. ഏതാനും മാസം മുമ്പ് സിയാച്ചിനിലൂടെ കപിധ്വജ അനായാസം കുതിച്ചുപായുന്നതിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടിരുന്നു

കപിധ്വജ
വില്ലാളിവീരനായ അര്‍ജുനന് കപിധ്വജന്‍ എന്നൊരു പേരും കൂടിയുണ്ട്. കപിയെന്നാല്‍ വാനരന്‍. ധ്വജ എന്നാല്‍ കൊടി. തന്റെ കൊടിയില്‍ ഹനുമാന്റെ ചിത്രമുള്ളതാണ് അര്‍ജുനന് ആ വിളിപ്പേര് സമ്മാനിച്ചത്. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന് കപിധ്വജ ഒരു വാഹനമാണ്. വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും പാറക്കെട്ടുകളിലും, ഹിമാനികളിലും ഓടിയെത്തുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ സ്‌പെഷ്യലിസ്റ്റ് മൊബിലിറ്റി വെഹിക്കിളാണ് കപിധ്വജ. മനോധൈര്യത്തിന്റെ പ്രതീകമായ അര്‍ജുനനെ മനസിലോര്‍ത്ത് തന്നെയാകണം ഹിമാനികളിലെ ഇന്ത്യയുടെ ഈ പടക്കുതിരയ്ക്ക് കപിധ്വജ എന്ന പേര് നല്‍കിയത്.
ദുര്‍ഘടമായ പ്രദേശത്ത് ഇന്ത്യന്‍ സൈന്യത്തിന് ലോജിസ്റ്റിക് പിന്തുണയടക്കം ഉറപ്പുവരുത്താനാണ് കപിധ്വജ ഉപയോഗിക്കുന്നത്. ഏതാനും മാസം മുമ്പ് സിയാച്ചിനിലൂടെ കപിധ്വജ അനായാസം കുതിച്ചുപായുന്നതിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടിരുന്നു.
തണുത്തുറഞ്ഞ സിയാച്ചിന്‍ ഹിമാനിയില്‍ സൈന്യത്തിന്റെ സാരഥിയായി കപിധ്വജ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ അങ്ങേയറ്റം മനോഹരമായിരുന്നു. ഇന്ത്യയുടെ കരുത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പ്രതീകമായ കപിധ്വജ സൈനികര്‍ക്ക് അനിവാര്യമായ ഉത്തേജനമാണ് നല്‍കുന്നത്.
Driven by Innovation, Powered by Courage
The induction of Kapidhwaja (Specialist Mobility Vehicle) in #IndianArmy enhances mobility, logistics support & operational efficiency in snow covered, rocky landscapes & glaciated terrain.
Employing Kapidhwaja, an urgent casualty… pic.twitter.com/QvNjJpmObx
— NORTHERN COMMAND – INDIAN ARMY (@NorthernComd_IA) April 15, 2025
ജെഎസ്ഡബ്ല്യു ഡിഫൻസും കോപാറ്റോ ലിമിറ്റഡും ചേർന്നാണ് കപിധ്വജ നിര്‍മ്മിച്ചത്. ഏകദേശം നാല് മീറ്റർ നീളവും രണ്ട് പോയിന്റ് ആറു മീറ്റർ വീതിയും ഏകദേശം മൂന്ന് മീറ്റർ ഉയരവുമുണ്ട്. മഞ്ഞിലും, ചെളിയിലുമടക്കം അനായാസം കുതിക്കാനാകുമെന്നതാണ് കപിധ്വജയുടെ പ്രത്യേകത. ഭക്ഷണം, ഇന്ധനം, മരുന്നുകള്‍, ബുള്ളറ്റുകള്‍ തുടങ്ങിയ 1,200 കിലോഗ്രാം സാധനങ്ങള്‍ അനായാസം എത്തിക്കാന്‍ കപിധ്വജയ്ക്ക് സാധിക്കും. കൂടാതെ, എട്ട് സൈനികരെ കൊണ്ടുപോകാനുമാകും.
സിയാച്ചിനിൽ, ഭക്ഷണമോ മരുന്നുകളോ എത്തിക്കുന്നത് പോലും അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകൾക്ക് എല്ലായ്പ്പോഴും പറക്കാൻ കഴിയില്ല. അവിടെയാണ് കപിധ്വാജ ഒരു പ്രധാന പങ്ക് വഹിക്കുന്നത്. കപിധ്വാജയെ ദീർഘകാല പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.