Bhopal 90-Degree Bridge: ഭോപ്പാലിലെ 90 ഡിഗ്രി വളവുള്ള മേൽപ്പാലം; ഏഴ് എഞ്ചിനീയർമാർക്ക് സസ്പെൻഷൻ
Bhopal 90-Degree Turn Bridge: ഐഷ്ബാഗ് റെയിൽവേ മേൽപ്പാലം നിർമിച്ച പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാരെയാണ് മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തത്. 18 കോടി രൂപ ചെലവഴിച്ചാണ് 648 മീറ്റർ നീളവും 8.5 മീറ്റർ വീതിയുമുള്ള പാലത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.
ഭോപ്പാൽ: ഏറെ വിവാദങ്ങളിൽ അകപ്പെട്ട ഭോപ്പാലിലെ 90 ഡിഗ്രി വളവുള്ള മേൽപ്പാലം നിർമ്മിച്ച ഏഴ് എഞ്ചിനീയർമാർക്ക് സസ്പെൻഷൻ. ഐഷ്ബാഗ് റെയിൽവേ മേൽപ്പാലം നിർമിച്ച പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാരെയാണ് മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തത്. ഇതിൽ രണ്ട് ചീഫ് എഞ്ചിനീയർമാരും ഉൾപ്പെടും. 90 ഡിഗ്രി വളവിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്തവിധം നിർമ്മിച്ച ഭോപ്പാലിലെ റെയിൽവേ മേൽപ്പാലം ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
പ്രതിഷേധം ശക്തമായതോടെ പാലം വീണ്ടും നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ സർക്കാരിൻ്റെ നടപടി. ചീഫ് എഞ്ചിനീയർമാരായ സഞ്ജയ് ഖണ്ഡെ, ജി പി വർമ്മ, ഇൻ-ചാർജ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജാവേദ് ഷക്കീൽ, ഇൻ-ചാർജ് സബ് ഡിവിഷണൽ ഓഫീസർ രവി ശുക്ല, സബ് എഞ്ചിനീയർ ഉമാശങ്കർ മിശ്ര, അസിസ്റ്റന്റ് എഞ്ചിനീയർ ഷാനുൽ സക്സേന, ഇൻ-ചാർജ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷബാന രജ്ജാഖ്, വിരമിച്ച സൂപ്രണ്ടിംഗ് എഞ്ചിനീയർ എംപി സിംഗ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിത്.
വിരമിച്ച സൂപ്രണ്ടിംഗ് എഞ്ചിനീയർക്കെതിരെ സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും സംസ്ഥാന മുഖ്യമന്ത്രി പറഞ്ഞു. നിർമാണ ഏജൻസിയെയും ഡിസൈൻ കൺസൾട്ടന്റിനെയും കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്നും പാലത്തിന് ആവശ്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എഞ്ചിനീയറിങ് അത്ഭുതം എന്നാണ് വിവദമായതോടെ പാലത്തിനെ പലരും വിശേഷിപ്പിച്ചത്.
18 കോടി രൂപ ചെലവഴിച്ചാണ് 648 മീറ്റർ നീളവും 8.5 മീറ്റർ വീതിയുമുള്ള പാലത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഈ പാലത്തിലെ 90 ഡിഗ്രി വളവും അതിനോട് ചേർന്നുള്ള ഇറക്കവും വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു. റോഡിൻ്റെ നിർമ്മാണം വാഹനങ്ങൾ കടന്നുപോകാൻ അനുയോജ്യമായിരുന്നില്ല. ഇത് വലിയ അപകടങ്ങൾക്കും കാരണമാകുമെന്നും പുതുക്കിപണിയണമെന്നും ഉൾപ്പെടെ നിരവധി വിമർശനമാണ് ഉയർന്നുവന്നത്.