Sofiya Qureshi: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
BJP Minister Remarks on Colonel Sofiya Qureshi: കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ മന്ത്രിയായ വിജയ് ഷാ കേണൽ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തിയത്. ഭീകരരുടെ സഹോദരിയെന്നാണ് സോഫിയ ഖുറേഷിയെ മന്ത്രി പൊതുവേദിയിൽ വിശേഷിപ്പിച്ചത്.

കേണൽ സോഫിയ ഖുറേഷി
ഭോപാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മധ്യപ്രദേശ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. മന്ത്രിക്കെതിരെ കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകി.
കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ മന്ത്രിയായ വിജയ് ഷാ കേണൽ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തിയത്. ഭീകരരുടെ സഹോദരിയെന്നാണ് സോഫിയ ഖുറേഷിയെ മന്ത്രി പൊതുവേദിയിൽ വിശേഷിപ്പിച്ചത്. നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി നമ്മൾ അവരുടെ സഹോദരിയെ തന്നെ അയച്ചു എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഈ പരാമർശം വലിയ വിവാദമായതോടെ മന്ത്രി വിജയ് ഷാ വിഷയത്തിൽ മാപ്പ് പറയുകയും ചെയ്തു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പ്രതിരോധ – വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലൂടെയാണ് കേണൽ ഖുറേഷി ശ്രദ്ധ നേടിയത്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനായി പ്രതിരോധ മന്ത്രാലയം ചുമതലപ്പെടുത്തിയിരുന്നത് വനിതാ ഉദ്യോഗസ്ഥരായ കേണൽ ഖുറേഷിയെയും വിങ് കമാൻഡർ വ്യോമികാസിങ്ങിനെയുമാണ്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പലതവണ ഇരുവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
ALSO READ: കസ്റ്റഡിയിലായി 22ാം ദിവസം മോചനം; പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറി
ഇന്ത്യൻ സൈന്യത്തിന്റെ ‘കോർപസ് ഓഫ് സിഗ്നൽസി’ൽ നിന്നുള്ള ഓഫീസറാണ് 35കാരിയായ സോഫിയ ഖുറേഷി. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ചരിത്രപരമായ പല നേട്ടങ്ങളും ഇവർ സ്വന്തമാക്കിയിട്ടുണ്ട്. 2016 മാർച്ചിൽ ലെഫ്റ്റനന്റ് കേണലായിരിക്കെ ഒരു ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ സൈനിക സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസറെന്ന നേട്ടവും സോഫിയയ്ക്ക് സ്വന്തമായിട്ടുണ്ട്.