Cow Vigilantes Attack: പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് ഗോ സംരക്ഷകർ മർദ്ദിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Madhya Pradesh Cow Vigilantes Attack: പത്തോളം പശുക്കളെ യുവാക്കൾ കടത്തിയെന്നാരോപിച്ചായിരുന്നു ഇവർ മർദ്ദിച്ചത്. ക്ഷേത്രത്തിന് സമീപം പശുക്കളെ കെട്ടിയിട്ടുണ്ടെന്നും ഇവരെ യുവാക്കൾ കടത്തിക്കൊണ്ടുപോവുക ആയിരുന്നുവെന്നുമാണ് ഗോ സംരക്ഷകരുടെ ആരോപണം. ആൾക്കൂട്ട ആക്രമണത്തിൽ രണ്ട് യുവാക്കൾക്കും ഗുരുതരമായ പരിക്കേറ്റിരുന്നു.

ഭോപ്പാൽ: പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകരുടെ മർദ്ദനത്തിന് ഇരയായ മുസ്ലീം യുവാവ് മരിച്ചു. ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാക്കളിൽ മറ്റൊരാളുടെ നില ഗുരുതരമാണ്. മധ്യപ്രദേശിലെ റെയ്സൺ ജില്ലയിലെ മെഹ്ഗാവ് സ്വദേശിയായ ജുനൈദ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് യുവാവിൻ്റെ മരണം. ജൂൺ അഞ്ചിനാണ് മെഹ്ഗാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് ജുനൈദിനും മറ്റൊരു യുവാവിനും ഗോ സംരക്ഷകരുടെ ആക്രണത്തിന് ഇരയായത്.
പത്തോളം പശുക്കളെ യുവാക്കൾ കടത്തിയെന്നാരോപിച്ചായിരുന്നു ഇവർ മർദ്ദിച്ചത്. ക്ഷേത്രത്തിന് സമീപം പശുക്കളെ കെട്ടിയിട്ടുണ്ടെന്നും ഇവരെ യുവാക്കൾ കടത്തിക്കൊണ്ടുപോവുക ആയിരുന്നുവെന്നുമാണ് ഗോ സംരക്ഷകരുടെ ആരോപണം. ആൾക്കൂട്ട ആക്രമണത്തിൽ രണ്ട് യുവാക്കൾക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഗോ സംരക്ഷകർ യുവാക്കളെ വളഞ്ഞിട്ട് മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മർദ്ദനമേറ്റ് ബോധം പോയ യുവാക്കളെ പെോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതര പരിക്കേറ്റിരുന്ന ജുനൈദ് വെൻറിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഒടുവിൽ കഴിഞ്ഞ ദിവസം രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മർദ്ദനമേറ്റ രണ്ടാമത്തെ യുവാവിൻറെ നിലയും ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം. മകൻ നിരപരാധിയാണെന്നും കൂലിവേല ചെയ്താണ് കുടുംബം നോക്കിയിരുന്നതെന്നുമാണ് ജുനൈദിൻറെ പിതാവ് പറയുന്നത്.
അതേസമയം സംഭവത്തിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പത്തിലധികം പേർ ഒളിവിലാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം നടന്നുവരികയാണ്. കൊലപാതകശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് കലാപമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും പോലീസ് അറിയിച്ചു.