Second Wife Pension Benefits: രണ്ടാം ഭാര്യയ്ക്കും കുടുംബ പെൻഷനിൽ അവകാശമുണ്ട്; മദ്രാസ് ഹൈക്കോടതി
Family Pension Benefits To Second Wife: വിവാഹത്തിന് നിയമസാധുതയില്ലെങ്കിലും പെൻഷന്റെ അവകാശിയായതിനാൽ ആനുകൂല്യം നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. എട്ട് ആഴ്ച്ചയ്ക്കുള്ളിൽ പരാതിക്കാരിക്ക് പെൻഷൻ നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.

പ്രതീകാത്മക ചിത്രം
ചെന്നൈ: കുടുംബ പെൻഷൻ രണ്ടാം ഭാര്യയ്ക്കും അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. പെൻഷൻ ലഭിക്കുന്നതിന് വിവാഹത്തിന്റെ നിയമസാധുത തടസമില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. നോമിനിയായിട്ട് രണ്ടാം ഭാര്യയെയാണ് നൽകിയിരിക്കുന്നതെങ്കിൽ അവർക്കാണ് പെൻഷന് അർഹതയെന്നും കോടതി വ്യക്തമാക്കി.
അന്തരിച്ച സർക്കാർ ഉദ്യോഗസ്‌ഥന്റെ രണ്ടാം ഭാര്യയ്ക്ക് കുടുംബ പെൻഷൻ നിഷേധിച്ചതിനെതിരെയുള്ള ഹർജി പരിഗണിക്കുവെയാണ് കോടതിയുടെ നിരീക്ഷണം. ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെയാണ് ഇയാൾ രണ്ടാമതും വിവാഹം കഴിച്ചത്. എന്നാൽ പെൻഷന്റെ അവകാശിയായി നൽകിയത് രണ്ടാം ഭാര്യയുടെ പേരായിരുന്നു.
ALSO READ: രണ്ടാം ഭാര്യയെ നോക്കാൻ ആദ്യ ഭാര്യയുടെ അവകാശങ്ങൾ നിഷേധിക്കാനാവില്ല- ഹൈക്കോടതി
അതേസമയം പിന്നീട് രണ്ടാം വിവാഹത്തിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ കുടുംബ പെൻഷൻ നിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇവർ കോടതിയെ സമീപിച്ചത്. വിവാഹത്തിന് നിയമസാധുതയില്ലെങ്കിലും പെൻഷന്റെ അവകാശിയായതിനാൽ ആനുകൂല്യം നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. എട്ട് ആഴ്ച്ചയ്ക്കുള്ളിൽ പരാതിക്കാരിക്ക് പെൻഷൻ നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.
അതേസമയം രണ്ടാം ഭാര്യയെ നോക്കണമെന്ന് കാണിച്ച് ആദ്യഭാര്യയുടെ അവകാശങ്ങൾ മുസ്ലിം പുരുഷൻമാർക്ക് നിഷേധിക്കാനാകില്ലെന്ന് കേരളാ ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആദ്യ ഭാര്യക്ക് ജീവനാംശം അനുവദിച്ച കുടുംബ കോടതി വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജിയിലാണ് കോടതിയുടെ നിർണായക നിരീക്ഷണം.
ബ്യൂട്ടി പാർലർ നടത്തിയാണ് ആദ്യ ഭാര്യ ഉപജീവനം കണ്ടെത്തുന്നത്. അതിനാൽ അവർക്ക് വരുമാനമാർഗം ഉണ്ടെന്നും, തനിക്ക് അതിനുള്ള വരുമാനമില്ലെന്നും കാട്ടിയാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.