Chhattisgarh Nuns Arrest: ദുര്‍ഗിലെ വിചാരണ കോടതി ജാമ്യാപേക്ഷ തള്ളി, കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും
Bail plea of nuns arrested in Chhattisgarh rejected: ഗുരുതര വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതി മേരിയെ ഒന്നാം പ്രതിയായും, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെ രണ്ടാം പ്രതിയുമായാണ് കേസെടുത്തിരിക്കുന്നത്

പ്രതീകാത്മക ചിത്രം
ദുര്‍ഗ്: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗിലെ വിചാരണക്കോടതി തള്ളി. അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും ദുര്‍ഗിലെ ജയിലിലാണ്. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ ഇനി സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ഇവരുടെ അഭിഭാഷക വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് കന്യാസ്ത്രീമാര്‍ അറസ്റ്റിലായത്.
ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. കന്യാസ്ത്രീമാര്‍ നിര്‍ബന്ധിത മതപ്രവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു ആരോപണം. പിന്നാലെ പൊലീസ് എത്തി അറസ്റ്റു ചെയ്തു.
ഗുരുതര വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതി മേരിയെ ഒന്നാം പ്രതിയായും, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെ രണ്ടാം പ്രതിയുമായാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടികളുടെ ബന്ധുവാണ് കേസിലെ മൂന്നാം പ്രതി. കന്യാസ്ത്രീമാരെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്.
ജയിലിലുള്ള കന്യാസ്ത്രീമാരെ പ്രതിപക്ഷ എംപിമാര്‍ സന്ദര്‍ശിച്ചു. ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ മോശമായ രീതിയില്‍ പെരുമാറിയെന്ന് കന്യാസ്ത്രീമാര്‍ വ്യക്തമാക്കിയതായി എംപിമാര്‍ പറഞ്ഞു. ചത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും കന്യാസ്ത്രീകളെ സന്ദര്‍ശിക്കാനെത്തി. എന്നാല്‍ ഇടതു നേതാക്കളെ പൊലീസ് തടഞ്ഞു.
Read Also: Malayali Nuns: മനുഷ്യക്കടത്ത് ആരോപണം, ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ
സമയം വൈകിയെന്ന് ആരോപിച്ചാണ് പൊലീസ് ഇടതു നേതാക്കളെ തടഞ്ഞത്. ഇത് വാക്കുതര്‍ക്കത്തിന് കാരണമായി. ബൃദ്ധ കാരാട്ട്, ആനി രാജ, ജോസ് കെ മാണി, എഎ റഹീം, കെ രാധാകൃഷ്ണന്‍, പിപി സുനീര്‍ എന്നിവരാണ് ദുര്‍ഗിലെത്തിയത്. നാളെ സന്ദര്‍ശനാനുമതി നല്‍കാമെന്നാണ് ഇടതുനേതാക്കളോട് പൊലീസ് പറഞ്ഞത്.