Manipur Violence: മണിപ്പൂരിൽ വീണ്ടും സംഘർഷം; അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
Manipur Internet suspension: മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റു ചെയ്തെന്ന വാർത്തയെ തുടർന്നാണ് ഇംഫാലിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം ഉടലെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് നടപടി. എന്നാൽ നേതാവിന്റെ പേരോ ചുമത്തിയ കുറ്റങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. അഞ്ച് ജില്ലകളിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഉത്തരവ് ശനിയാഴ്ച രാത്രി 11.45 മുതൽ പ്രാബല്യത്തിൽ വന്നു. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപുർ, കാക്ചിങ് എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.
മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റു ചെയ്തെന്ന വാർത്തയെ തുടർന്നാണ് ഇംഫാലിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം ഉടലെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് നടപടി. എന്നാൽ നേതാവിന്റെ പേരോ ചുമത്തിയ കുറ്റങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല, നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭം വടക്കുന്നത്.
സാമൂഹിക വിരുദ്ധർ വിദ്വേഷ പരത്തുന്ന പരാമർശങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കാതിരിക്കാനും, അതിലൂടെ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനുമാണ് നടപടിയെന്ന് അഭ്യന്തര സെക്രട്ടറി എൻ അശോക് കുമാർ വ്യക്തമാക്കി. ഇംഫാൽ വെസ്റ്റിലെ ക്വാകിതേൽ പോലീസ് ഔട്ട്‌പോസ്റ്റിൽ ഒരു കൂട്ടം ആളുകൾ അതിക്രമിച്ചു കയറിയതിനെ തുടർന്നുണ്ടായ അക്രമത്തിൽ രണ്ട് മാധ്യമപ്രവർത്തകർക്കും ഒരു സാധാരണക്കാരനും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഉത്തരവ് ലംഘിക്കുന്നതായി കണ്ടെത്തിയാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇംഫാലിലെ ക്വാകിതേൽ പ്രദേശത്ത് വെടിയൊച്ചകൾ കേട്ടതായി പ്രദേശവാസികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.