Bengaluru Stampede: ‘ഒരച്ഛനും ഈ ഗതി വരരുത്’; നോവായി ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവാവിന്റെ പിതാവ്
Bengaluru stampede at Chinnaswamy Stadium: അപകടത്തിൽ മരിച്ച 21 വയസ്സുള്ള ഭൂമിക് ലക്ഷ്മണന്റെ പിതാവ് ബി ടി ലക്ഷ്മണാണ് മകന്റെ ശവകുടീരത്തിനരികിൽ നിന്ന് വിട്ടുമാറാതെ പൊട്ടിക്കരഞ്ഞത് കണ്ട് നിന്നവരെയും കണ്ണീരിലാഴ്ത്തി .

ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 21 കാരന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി നാട്. യുവാവിന്റെ മൃതദേഹം അടക്കിയ സ്ഥലത്ത് നിന്ന് വിട്ടുമാറാതെ നിന്ന പിതാവിന്റെ കാഴ്ച ഏവരെയും കണ്ണീരിലാഴ്ത്തി. അപകടത്തിൽ മരിച്ച 21 വയസ്സുള്ള ഭൂമിക് ലക്ഷ്മണന്റെ പിതാവ് ബി ടി ലക്ഷ്മണാണ് മകന്റെ ശവകുടീരത്തിനരികിൽ നിന്ന് വിട്ടുമാറാതെ പൊട്ടിക്കരഞ്ഞത് കണ്ട് നിന്നവരെയും കണ്ണീരിലാഴ്ത്തി .
തന്റെ മകന് സംഭവിച്ചത് ആർക്കും സംഭവിക്കരുതെന്ന് ലക്ഷ്മൺ ശവകുടീരത്തിനരികിൽ കിടന്നുകൊണ്ട് പറഞ്ഞു. താൻ അവനുവേണ്ടി വാങ്ങിയ സ്ഥലത്താണ് അവന്റെ സ്മാരകം പണിയേണ്ടി വരുന്നത്. തനിക്ക് ഇപ്പോൾ മറ്റെവിടെയും പോകേണ്ട, ഇവിടെ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഈ അവസ്ഥ ഒരു അച്ഛനും നേരിടേണ്ടിവരരുതെന്നും അദ്ദേഹം കണ്ണിരോടെ പറഞ്ഞു. കരഞ്ഞ് തളർന്ന അദ്ദേഹത്തെ ബന്ധുക്കളാണ് വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ഹാസനിലാണ് ഇവരുടെ സ്വദേശം.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയുടെ ഐപിഎൽ കിരീടം ആഘോഷം ആഘോഷിക്കാൻ ആയിരങ്ങൾ തടിച്ചുകുടിയത്. സ്ഥലത്ത് തിക്കിലും തിരക്കിലും അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഭൂമിക് ഉൾപ്പെടെ 11 പേർക്കാണ് ജീവൻ നഷ്ടമായത്. ദുരന്തത്തിന് ശേഷം ലക്ഷ്മൺ മാധ്യമപ്രവർത്തകരോട് പറഞ്ഞ വാക്കുകളും ഏറെ ചർച്ചയായിരുന്നു. പോസ്റ്റ്‌മോർട്ടം സമയത്ത് തന്റെ മകന്റെ മൃതദേഹം കീറിമുറിക്കാതെ തനിക്ക് വിട്ടുകൊടുക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
Also Read: ‘അവന്റെ ശരീരമെങ്കിലും എനിക്ക് തരൂ, പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്’; വിതുമ്പി അച്ഛന്‍
അതേസമയം കർണാടക സർക്കാർ മരിച്ച 11 പേരുടെ കുടുംബങ്ങൾക്ക് നൽകാൻ തീരുമാനിച്ച ധനസഹായം ഉയർത്തി. നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് വിമർശനം ബിജെപി ഉന്നയിച്ചിരുന്നു. ഇതോടെയാണ് നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായം 25 ലക്ഷം രൂപയാക്കി ഉയർത്തിയത്.