മിസ്സ് വേൾഡ് മത്സരാർത്ഥികൾ വാറങ്കലിൽ; രാമപ്പ ക്ഷേത്രം സന്ദർശിക്കും
Miss World Contestants to Visit Ramappa Temple: ആദ്യ ഗ്രൂപ്പായ അമേരിക്കയും കരീബിയനും ചരിത്രപ്രസിദ്ധമായ വാറങ്കൽ കോട്ട, 1000 തൂൺ ക്ഷേത്രം, ഭദ്രകാളി ക്ഷേത്രം എന്നിവ സന്ദർശിക്കും. രണ്ടാം ഗ്രൂപ്പായ ആഫ്രിക്ക യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ രാമപ്പ ക്ഷേത്രം സന്ദർശിക്കും.

രാമപ്പ ക്ഷേത്രം
ഹൈദരാബാദ്: മിസ് വേൾഡ് മത്സരാർത്ഥികൾ ബുധനാഴ്ച വാറങ്കലും ചരിത്രപ്രസിദ്ധമായ രാമപ്പ ക്ഷേത്രവും സന്ദർശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മത്സരാർത്ഥികൾ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞാണ് സ്ഥലങ്ങൾ സന്ദർശിക്കുക.
ആദ്യ ഗ്രൂപ്പായ അമേരിക്കയും കരീബിയനും ചരിത്രപ്രസിദ്ധമായ വാറങ്കൽ കോട്ട, 1000 തൂൺ ക്ഷേത്രം, ഭദ്രകാളി ക്ഷേത്രം എന്നിവ സന്ദർശിക്കും. രണ്ടാം ഗ്രൂപ്പായ ആഫ്രിക്ക യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ രാമപ്പ ക്ഷേത്രം സന്ദർശിക്കും. തുടർന്ന്, അവിടുത്തെ പരമ്പരാഗത പെരിനി നൃത്ത പ്രകടനവും കാണും.
ഈ സന്ദർശനത്തിലൂടെ കാകതീയ രാജവംശത്തിന്റെ സംസ്കാരം, പാരമ്പര്യം, ചരിത്രം എന്നിവയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ മത്സരാർത്ഥികൾക്ക് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ പാലംപേട്ടിലുള്ള രാമപ്പ ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 13-ാം നൂറ്റാണ്ടിൽ പണിത ഈ രാമക്ഷേത്രത്തിന് യുനെസ്കോയുടെ അംഗീകാരം ലഭിക്കുന്നത് 2021ലാണ്.
ALSO READ: ക്ലോസറ്റ് പൊട്ടിത്തെറിച്ച് 20 വയസുകാരന് പൊള്ളൽ; പൊട്ടിത്തെറിയുടെ കാരണം വിചിത്രം
തുടർന്ന് മെയ് 15ന് മത്സരാർത്ഥികൾ യാദഗിരിഗുട്ട ക്ഷേത്രം സന്ദർശിക്കും. ശേഷം ഇക്കത്ത് നെയ്ത്തിന് പേരുകേട്ട, ഐക്യ രാഷ്ട്രസഭ വേൾഡ് ടൂറിസം ഓർഗനൈസേഷൻ അംഗീകൃത പോച്ചാംപള്ളി ഗ്രാമത്തിന്റെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യങ്ങളെ കുറിച്ചറിയാൻ പോച്ചാംപള്ളിയിൽ എത്തും.
2025 ലെ മിസ്സ് വേൾഡ് മത്സരത്തിൽ 109 രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത മത്സരാർത്ഥികളാണ് ഇന്ത്യ സന്ദർശനം നടത്തുന്നത്. ചൊവ്വാഴ്ച ഹൈദരാബാദിൽ എത്തിയ ഇവർക്ക് ഹൈദരാബാദിലെ പ്രശസ്തമായ ചാർമിനാറിലും വളകൾക്കും മുത്തുകൾക്കും പേരുകേട്ട ലാഡ് ബസാറിലും ഗംഭീര സ്വീകരണമാണ് ലഭിച്ചത്.