Mumbai Train Accident: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് 5 പേര്‍ മരിച്ചു
Thane Train Accident Death: ദിവ-കോപര്‍ റെയില്‍ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലേക്ക് വന്നുകൊണ്ടിരുന്ന ലോക്കന്‍ ട്രെയിനിലെ യാത്രക്കാര്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു.

മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിലെ തിരക്ക് കാരണം ട്രാക്കിലേക്ക് വീണാണ് അപകടം സംഭവിച്ചത്. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ദിവ-കോപര്‍ റെയില്‍ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലേക്ക് വന്നുകൊണ്ടിരുന്ന ലോക്കന്‍ ട്രെയിനിലെ യാത്രക്കാര്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു.
പന്ത്രണ്ട് പേരോളം ട്രാക്കിലേക്ക് വീണുവെന്നാണ് വിവരം. ട്രെയിനില്‍ വലിയ തിരക്ക് അനുഭവപ്പെട്ടതിനാല്‍ യാത്രക്കാര്‍ വാതിലില്‍ തൂങ്ങിനിന്നതായും വിവരമുണ്ട്. വാതിലില്‍ നിന്ന ആളുകളാണ് താഴേക്ക് വീണതെന്നാണ് സൂചന. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




വിപരീത ദിശകളില്‍ ട്രെയിനുകള്‍ വന്നപ്പോള്‍ ഫുട്‌ബോര്‍ഡില്‍ നിന്ന ആളുകള്‍ക്ക് ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നുവെന്നാണ് സഹയാത്രക്കാര്‍ പറയുന്നത്. ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചല്ല അപകടമുണ്ടായതെന്ന് സെന്‍ട്രല്‍ റെയില്‍വേ സിപിആര്‍ഒയും അറിയിച്ചു.
30നും 35നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താത്കാലികമായി തടസപ്പെട്ടു.
മുംബൈ സബര്‍ബന് വേണ്ടി നിര്‍മിക്കുന്ന എല്ലാ ബോഗികള്‍ക്കും ഓട്ടോമാറ്റിക് വാതിലുകളായിരിക്കും സജ്ജീകരിക്കുന്നതെന്ന് അപകടത്തിന്റെ വെളിച്ചത്തില്‍ റെയില്‍വേ ബോര്‍ഡ് അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സ്ഥിരീകരിച്ചു.