Man’s Murder In Meghalaya: ഹണിമൂണിനിടെ പ്രതിശ്രുത വരന്‍ കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്; ഭാര്യ അടക്കം അടക്കം നാലുപേർ പിടിയിൽ
Wife Arrested In Man's Murder In Meghalaya: ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശി (28)യുടെ കൊലപാതകത്തിലാണ് ഭാര്യ സോനം രഘുവംശി ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നാണ് യുവതി പോലീസിന്റെ പിടിയിലായത് .

ഭോപ്പാൽ: മേഘാലയിൽ ഹണിമൂണിനിടെ കാണാതായ ഭർത്താവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭാര്യ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശി (28)യുടെ കൊലപാതകത്തിലാണ് ഭാര്യ സോനം രഘുവംശി ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നാണ് യുവതി പോലീസിൻ്റെ പിടിയിലായത് . വാടകക്കൊലയാളികളെ ഉപയോഗിച്ച് രാജയുടെ കൊലപാതകത്തിന് യുവതി ഗൂഢാലോചന നടത്തിയതായും പോലീസ് പറയുന്നു.
കഴിഞ്ഞ മാസമാണ് രാജാ രഘുവംശിയും ഭാര്യ സോനവും ഹണിമൂണിനായി തിരിച്ചത്. പിന്നാലെ മേയ് 23-ന് മേഘാലയയിലെ ചിറാപുഞ്ചിയിൽ നിന്ന് ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് ജൂൺ രണ്ടിന് രാജയുടെ മൃതദേഹം ഒരു മലയിടുക്കിൽ കണ്ടെത്തി. ഇയാളുടെ സഹോദരനായ വിപിൻ രഘുവംശിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് സമീപം വടിവാളും തകര്‍ന്ന ഫോണും കണ്ടെത്തിയിരുന്നു.
Also Read:ഒന്നും പകരമാവില്ല; വിങ്ങലായി സഹാനയുടെ അച്ഛനും അമ്മയും; വീട്ടിലെത്തി ധനസഹായം കൈമാറി
ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്നയാളാണ് രാജാ രഘുവംശി. മെയ് 11-നായിരുന്നു സോനവുമായുള്ള ഇദ്ദേഹത്തിൻ്റെ വിവാഹം. മെയ് 23-ന് ചിറാപുഞ്ചിയില്‍ നിന്ന് ദമ്പതികള്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ ഇതിനു ശേഷം ഒരു വിവരവും ലഭിച്ചില്ല. നെറ്റ് വർക്കിൻ്റെ തകരാറ് കാരണമായിരിക്കാം ഫോൺ ലഭിക്കാത്തത് എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് രണ്ട് ദിവസമായിട്ടും ഫോണിൽ കിട്ടാതായതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തായത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.