Mutton : വിലകൂടിയ ആട്ടിറച്ചി വാങ്ങിയതിന് ഭാര്യ ദേഷ്യപ്പെട്ടു; ആത്മഹത്യക്കൊരുങ്ങിയ യുവാവിനെ പിന്തിരിപ്പിച്ച് നാട്ടുകാർ
Mutton Wife Quarrel : ഞായറാഴ്ച ആട്ടിറച്ചി വാങ്ങിയതിന് ഭാര്യ വഴക്കിട്ടതിനാൽ ആത്മഹത്യക്കൊരുങ്ങി യുവാവ്. വിലകൂടിയ ആട്ടിറച്ചി വാങ്ങിയതിനെ തുടർന്നാണ് ഭാര്യ യുവാവുമായി വഴക്കിട്ടത്. ആത്മഹത്യക്കൊരുങ്ങിയ ഇയാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

Mutton (Image Courtesy - Social Media)
വിലകൂടിയ ആട്ടിറച്ചി വാങ്ങിയതിന് ഭാര്യ ദേഷ്യപ്പെട്ടതിനാൽ ആത്മഹത്യക്കൊരുങ്ങി യുവാവ്. തെലങ്കാനയിലാണ് സംഭവം. പണമില്ലാത്ത സമയത്ത് എന്തിന് വിലകൂടിയ ആട്ടിറച്ചി വാങ്ങിയെന്നായിരുന്നു ഭാര്യയുടെ ചോദ്യം. ആത്മഹത്യക്കൊരുങ്ങിയ യുവാവിനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.
ഞായറാഴ്ചയാണ് സംഭവമുണ്ടാവുന്നത്. ബചുപള്ളിയിലെ വാടകവീട്ടിലാണ് ടാക്സി ഡ്രൈവറായ നരേഷും ഭാര്യ റാണിയും താമസിക്കുന്നത്. അങ്ങനെയിരിക്കെ ആട്ടിറച്ചി കഴിക്കാൻ കൊതി തോന്നിയ സെയ്നി നരേഷ് ഒരു കിലോ മട്ടൻ വാങ്ങി വീട്ടിലെത്തി. കുടുംബത്തിൻ്റെ സാമ്പത്തിക നില അത്ര മികച്ചതല്ല. അതുകൊണ്ട് തന്നെ മട്ടൻ വാങ്ങിവന്ന ഭർത്താവിനെ റാണി ശകാരിച്ചു. വീണ്ടുവിചാരമില്ലാതെ ഇത്ര പണം നൽകി ആട്ടിറച്ചി വാങ്ങിയത് എന്തിനെന്ന് റാണി നരേഷിനോട് ദേഷ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഭാര്യയുടെ പ്രവൃത്തിയിൽ വിഷമിച്ച നരേഷ് ജീവനൊടുക്കാൻ തീരുമാനിച്ചു.
Also Read : Witchcraft Crime: പനി മാറാൻ മന്ത്രവാദം; ക്രൂര മർദ്ദനത്തിനിരയായ മൂന്നുവയസുകാരി മരിച്ചു
കുളത്തിൽ ചാടി മരിക്കാനായിരുന്നു യുവാവിൻ്റെ തീരുമാനം. സമീപത്തെ കുളത്തിലേക്ക് പോയ നരേഷ് തൻ്റെ അരയിൽ വലിയ ഒരു കല്ല് കെട്ടി കുളത്തിലേക്ക് ചാടാനൊരുങ്ങി. എന്നാൽ, അതുവഴി വന്ന നാട്ടുകാർ ആത്മഹത്യാശ്രമത്തിൽ ഇന്ന് ഇയാളെ പിന്തിരിപ്പിച്ച് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. ഉടൻ പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. റാണിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം ഇരുവർക്കും കൗൺസിലിംഗ് നടത്തി പോലീസ് തിരിച്ചയച്ചു.