Namma Metro: ബെംഗളൂരു വിമാനത്താവളത്തിലേക്കും മെട്രോയെത്തി; യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമം
Namma Metro to Kempegowda Airport: രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ആകെ 58.19 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഈ പാതയ്ക്കുള്ളത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍ മുതല്‍ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ നീളുന്ന പാതയാണിത്.
ബെംഗളൂരു: യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിന് വിരാമമിടാനൊരുങ്ങി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള മെട്രോ കണക്ഷന്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. 2027 അവസാനത്തോടെ എയര്‍പോര്‍ട്ട് മെട്രോ പാതയുടെ നിര്‍മാണം പൂര്‍ണമായും കഴിയുമെന്ന് ബിഎംആര്‍സിഎല്‍ വ്യക്തമാക്കുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കാനും റോഡിലെ തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും.
കെമ്പെഗൗഡ വിമാനത്താവളത്തിലേക്കുള്ള മെട്രോ ജോലികള്‍ ആരംഭിക്കാനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വരും ദിവസങ്ങളില്‍ നടക്കുമെന്നാണ് വിവരം. എയര്‍പോര്‍ട്ട് മെട്രോ പാത വിപുലീകരണത്തിന്റെ ഭാഗമായി ബ്ലൂ ലൈന്‍ അല്ലെങ്കില്‍ ഒആര്‍ആര്‍ എയര്‍പോര്‍ട്ട് റൂട്ടുമായി ഈ പാതയെ ബന്ധിപ്പിക്കും.
വിമാനത്താവള പാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിലെ പ്രധാന പൊതുഗതാഗത ലിങ്കുകളില്‍ ഒന്നായി ഇത് മാറും. പ്രധാന ഐടി സോണുകളെയും ഉയര്‍ന്ന ജനസാന്ദ്രതയുള്ള റെസിഡന്‍ഷ്യല്‍ ഏരിയകളെയും വിമാനത്താവളവുമായി ബന്ധിപ്പിക്കാനുമാകും. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ആകെ 58.19 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഈ പാതയ്ക്കുള്ളത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍ മുതല്‍ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ നീളുന്ന പാതയാണിത്.
Also Read: Namma Metro: നാഗവാര യാത്ര കൂടുതല്‍ എളുപ്പമാകുന്നു; നമ്മ മെട്രോ പിങ്ക് ലൈന്‍ മെയ് മാസത്തിൽ തുറക്കും
ആദ്യഘട്ടത്തില്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍ പുര വരെയുള്ള 19.75 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടത്തില്‍ കെആര്‍ പുര മുതല്‍ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള നിര്‍മാണവും 38.44 കിലോമീറ്ററിന്റെ നിര്‍മാണവും നടക്കും. സില്‍ക്ക് ബോര്‍ഡ്-കെആര്‍ പുര പാത ഈ വര്‍ഷം തുറന്നുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.