Narendra Modi at 75: പിറന്നാളാഘോഷത്തില്‍ പ്രധാനമന്ത്രി; പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍
Modi Birthday Celebration: എട്ടാമത് പോഷന്‍ മാഹ് കാമ്പെയ്‌ന്റെ ഭാഗമായി സ്വസ്ത് നാരി സശക്ത് പരിവാറിന് തുടക്കം കുറിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശത്തിലെത്തും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പെയ്ന്‍ ഒക്ടോബര്‍ രണ്ടിനാണ് അവസാനിക്കുക.
ന്യൂഡല്‍ഹി: എഴുപത്തിയഞ്ചിന്‍ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷം ഗംഭീരമാക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. മോദിയുടെ പിറന്നാള്‍ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വസ്ത നാരി സശക്തി പരിവാര്‍ അഭിയാന്‍ എന്ന പേരില്‍ പരിപാടിയും പോഷണ്‍ മാഹ് ആചരണവും സംഘടിപ്പിക്കുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയുടെ നാല് കേന്ദ്രങ്ങളില്‍ മെഡിക്കല്‍ പരിശോധന ക്യാമ്പുകള്‍ നടക്കും.
എട്ടാമത് പോഷന്‍ മാഹ് കാമ്പെയ്‌ന്റെ ഭാഗമായി സ്വസ്ത് നാരി സശക്ത് പരിവാറിന് തുടക്കം കുറിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശത്തിലെത്തും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പെയ്ന്‍ ഒക്ടോബര്‍ രണ്ടിനാണ് അവസാനിക്കുക. രാജ്യത്തുടനീളമുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരു ലക്ഷത്തിലധികം ആരോഗ്യ കാമ്പെയ്‌നുകളാണ് കേന്ദ്രം ആസൂത്രണം ചെയ്തിരിക്കുന്നത്.
രണ്ടാഴ്ചയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തദാന ഡ്രൈവ്, ആരോഗ്യ പരിശോധന, ബൗദ്ധിക സമ്മേളനങ്ങള്‍ എന്നിവയുടെ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കും. മാതൃ സംരക്ഷണത്തിനായി പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന, സുമന്‍ സഖി ചാറ്റ്‌ബോട്ട്, ഗോത്ര സംരക്ഷണത്തിനായി ആദി കര്‍മ്മയോഗി അഭിയാന്‍ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.




അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിറന്നാളാശംസകള്‍ നേര്‍ന്നു. മോദിയുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പിന്തുണ നല്‍കുന്നതിന് നന്ദിയെന്നാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ ട്രംപ് കുറിച്ചത്.
ട്രംപിന് മോദി നന്ദി അറിയിച്ചു. നിങ്ങളുടെ ഫോണ്‍ കോളിനും ഊഷ്മളമായ ആശംസയ്ക്കും നന്ദി. നിങ്ങളെ പോലെ ഇന്ത്യ-യുഎസ് ബന്ധം പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഞാന്‍ പ്രതിബദ്ധനാണെന്നായിരുന്നു മോദി പറഞ്ഞത്.
രാജ്യത്തിനകത്തും പുറത്തുമുള്ള നേതാക്കള്‍ പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു. പ്രശ്‌നങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കാണുകയും പൂര്‍ണ സമര്‍പ്പണത്തോടെ അവയെ പരിഹരിക്കുക എന്നത് മോദിയുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്. ലോകം മുഴുവന്‍ അദ്ദേഹം പ്രശ്‌ന പരിഹാര നേതാവായി അംഗീകരിക്കുന്നുവെന്നും ജന്മദിനാശംസാ പോസ്റ്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കുറിച്ചു.
പ്രധാനമന്ത്രിയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ആശംസകള്‍ നേര്‍ന്നു. അസാധാരണമായ നേതൃത്വത്തിലൂടെ കഠിനാധ്വാനത്തിന്റെ പരകോടി മാതൃകയായി രാജ്യത്തിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പുത്തന്‍ സംസ്‌കാരം നിങ്ങള്‍ വളര്‍ത്തിയെടുത്തു. ഇന്ന് ആഗോള സമൂഹവും നിങ്ങളുടെ മാര്‍ഗനിര്‍ദേശത്തിലുള്ള വിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന് രാഷ്ട്രപതി കുറിച്ചു.