Donald Trump Tariff Threat: ‘ഞാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് അറിയാം, എങ്കിലും വിട്ടുവീഴ്ചയ്ക്കില്ല’; ട്രംപിന് മോദിയുടെ പ്രഹരം
Modi Response To Trump Tariffs: ട്രംപ് രാജ്യത്തിന് മേല്‍ 50 ശതമാനം തീരുവ ചുമത്തിയത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം

ഡൊണാള്‍ഡ് ട്രംപ്, നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മേല്‍ അമിത തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളില്‍ രാജ്യം ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന എംഎസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ താത്പര്യങ്ങള്‍ക്കാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ഇന്ത്യ ഒരിക്കലും കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. അതിന് വ്യക്തിപരമായി എനിക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് അറിയാം. പക്ഷെ ഞാന്‍ തയാറാണ്. രാജ്യത്തെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കന്നുകാലി ഉടമകള്‍ക്കെല്ലാം വേണ്ടി ഞാന്‍ തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ട്രംപ് രാജ്യത്തിന് മേല്‍ 50 ശതമാനം തീരുവ ചുമത്തിയത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം താരിഫില്‍ നിന്നും വീണ്ടും 25 ശതമാനം വര്‍ധിപ്പിച്ചത്. ഇതോടെ രാജ്യം നല്‍കേണ്ടി വരുന്ന ആകെ താരിഫ് 50 ശതമാനമാണ്. താരിഫ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ട്രംപ് ഒപ്പുവെച്ചു.
റഷ്യയില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നത് ഇന്ത്യ തുടര്‍ന്നതാണ് ട്രംപിനെ പ്രേരിപ്പിച്ചത്. എന്നാല്‍ യുഎസ് ഇപ്പോഴും റഷ്യയില്‍ നിന്നും സഹായം കൈപ്പറ്റുന്ന കാര്യം ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. അക്കാര്യം തനിക്കറിയില്ലെന്നും പരിശോധിക്കണമെന്നുമായിരുന്നു ട്രംപിന്റെ മറുപടി.