NEET Aspirant Dies: കോട്ടയില്‍ നീറ്റ് പരീക്ഷയുടെ തലേന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; ഈ വര്‍ഷത്തെ 14-ാമത്തെ കേസ്
NEET Aspirant dies in Kota: കുറച്ച് വര്‍ഷങ്ങളായി പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം കോട്ടയിലായിരുന്നു താമസം. ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നീറ്റ്-യുജിക്ക് പരിശീലനം നടത്തുന്നുണ്ടായിരുന്നു. സംഭവസമയത്ത് കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. രാത്രി 9 മണിയോടെയാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്

പ്രതീകാത്മക ചിത്രം
കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഇന്നലെയാണ് സംഭവം നടന്നത്. ഇന്നാണ് നീറ്റ് പരീക്ഷ നടക്കുന്നത്. പരീക്ഷയുടെ തലേ ദിവസം പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പർഷവ്‌നാഥ് പ്രദേശത്തെ മുറിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മധ്യപ്രദേശിലെ ഷിയോപൂര്‍ സ്വദേശിനിയായ 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയാണ് മരിച്ചതെന്ന് കുൻഹാദി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ അരവിന്ദ് ഭരദ്വാജ് പിടിഐയോട് പറഞ്ഞു.
കുറച്ച് വര്‍ഷങ്ങളായി പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം കോട്ടയിലായിരുന്നു താമസം. ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നീറ്റ്-യുജിക്ക് പരിശീലനം നടത്തുന്നുണ്ടായിരുന്നു. സംഭവസമയത്ത് കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. രാത്രി 9 മണിയോടെയാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കി. ഈ വര്‍ഷം കോട്ടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പതിനാലാമത്തെ കേസാണിത്.2024ല്‍ 17 വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
അതേസമയം, നീറ്റ് യുജി 2025 പരീക്ഷ ഇന്ന് നടക്കും. 22.7 ലക്ഷത്തിലധികം പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെയാണ് പരീക്ഷ. പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരത്തെ എത്തുന്നതാണ് അഭികാമ്യം.
അഡ്മിറ്റ് കാര്‍ഡ്, ഐഡന്റിറ്റി പ്രൂഫ് എന്നിവ കയ്യില്‍ കരുതണം. അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്ററുകള്‍ തുടങ്ങിയ നിരോധിത വസ്തുക്കളുമായി പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കരുത്. എന്‍ടിഎ നിര്‍ദ്ദേശിച്ച ഡ്രസ്‌കോഡ് പാലിക്കണം. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് എന്‍ടിഎ പൂര്‍ത്തിയാക്കി. മോക്ക് ഡ്രില്ലും നടത്തിയിരുന്നു.
( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056 )