നീറ്റ് പുനഃപരീക്ഷ: വ്യാജ വിവരങ്ങൾക്ക് പൂട്ട് വീഴും, ഉന്നതതലയോഗം ചേർന്ന് വിദ്യാഭ്യാസ മന്ത്രാലയം
NEET UG RE-Exam : വ്യാജ വാർത്തകളും വിവരങ്ങളും പങ്കുവെക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരീക്ഷിക്കാൻ അത് ബ്ലോക്ക് ചെയ്യാൻ മെറ്റ ഗൂഗിൾ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. പുനഃപരീക്ഷ കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കാൻ സുരക്ഷ ഏജൻസിയുമായി മന്ത്രി ചർച്ച നടത്തി.

Dharmendra Pradhaan
നീറ്റ് പുനഃപരീക്ഷയുടെ നടത്തിപ്പിന് മുന്നോടിയായി കേന്ദ്ര സുരക്ഷ, ഇൻ്റെലിജെൻസ് ഏജൻസികളുടെ പിന്തുണ തേടി വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതലയോഗം ചേർന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അധ്യക്ഷനായിരുന്ന യോഗത്തിൽ നീറ്റ് പുനഃപരീക്ഷ നടത്തിപ്പിൽ യാതൊരുവിധ സുരക്ഷാ വീഴ്ചകളും ഉണ്ടാകരുതെന്നും പൂർണ്ണമായ ജാഗ്രത പുലർത്തണമെന്നും സുരക്ഷ ഏജൻസികളോട് നിർദ്ദേശിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ ടെസ്റ്റിംഗ് ഏജൻസി (NTA) ഡയറക്ടർ ജനറലും പങ്കെടുത്ത യോഗത്തിൽ പരീക്ഷ തയ്യാറെടുപ്പുകൾ വിശദമായി വിലയിരുത്തി. പരീക്ഷ നടത്തിപ്പിലെ പോരായ്മകൾ മുൻകൂട്ടി കണ്ടെത്താനും കൃത്യസമയത്ത് അതിനെതിരെ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ
സുരക്ഷാ യോഗത്തിനൊപ്പം പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളെ വിദ്യാഭ്യാസ മന്ത്രാലയം യോഗത്തിൽ വിളിച്ചുവരുത്തി. മെറ്റാ , ഗൂഗിൾ, ടെലിഗ്രാം എന്നിവയുടെ പ്രതിനിധികളുമായിട്ടാണ് മന്ത്രാലയം ചർച്ച നടത്തിയത്. പരീക്ഷകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴിയും മറ്റ് അജ്ഞാത ഓൺലൈൻ ഗ്രൂപ്പുകൾ വഴിയും വ്യാജവാർത്തകളും സന്ദേശങ്ങളും വൻതോതിൽ പ്രചരിക്കുന്നതിൽ കേന്ദ്രം കടുത്ത ആശങ്ക രേഖപ്പെടുത്തി. പ്രധാന പരീക്ഷകൾ അടുക്കുമ്പോൾ ചോദ്യപേപ്പർ ചോർന്നുവെന്നുള്ള വ്യാജ വാർത്തകളും സന്ദേശങ്ങളും വിദ്യാർഥികളിൽ ഭീതിയുണർത്തുന്ന ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്ന ടെലിഗ്രാം ചാനലുകൾ സജീവമാകുന്നത് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചു. വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ രീതിയിലുള്ള ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കാൻ ഇത്തരത്തിലുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങൾ കാരണമാകുന്നുണ്ട്. ലിങ്കുകൾ വഴി ഉപയോക്താക്കളെ ഓട്ടോമേറ്റഡ് ബോട്ടുകളിലേക്കും വ്യാജ ഗ്രൂപ്പുകളിലേക്കും നയിച്ച് തെറ്റായ വിവരങ്ങൾ വൻതോതിൽ പ്രചരിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ അറിയിച്ചു.
വ്യാജ ചാനലുകൾക്ക് പൂട്ട് വീഴും
കൂടാതെ ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരങ്ങൾ പ്രകാരം, പരിമിതമായ ചില ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംശയാസ്പദമായ ഒന്നിലധികം ചാനലുകൾ പ്രവർത്തിക്കുന്നത്. ഇത് ആസൂത്രിതമായി നടത്തുന്ന വലിയൊരു ശൃംഖലയുടെ നീക്കമാണെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. പരീക്ഷയ്ക്ക് മുൻപായി വ്യാജ വിവരങ്ങളും പ്രചരിപ്പിക്കുന്ന ഇത്തരം നെറ്റ്‌വർക്കുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശിച്ചു. ഇവ മുൻകൂട്ടി കണ്ടെത്തി ബ്ലോക്ക് ചെയ്യാനും ചാനലുകൾ പൂർണ്ണമായി നീക്കം ചെയ്യാനും അദ്ദേഹം ഉത്തരവിട്ടു.
പരീക്ഷ സംവിധാനത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതിനും വിദ്യാർത്ഥികളെ തെറ്റായ പ്രചാരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ മന്ത്രാലയം, എൻടിഎ, നിയമപാലക ഏജൻസികൾ എന്നിവരുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ചേർന്ന് പ്രവർത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ആത്മവിശ്വാസം കാത്തുസൂക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു.
English Summary
Union Education Minister Hold High Level Meeting A Head of NEET UG Re-Exam. Including Senior officials from Education Ministry, NTA Director General And Security And Intelligence Agencies Participated in Meeting. Also In Parallel Education Ministry Called Meeting With Social Media Platforms officials Like Meta, Google And Telegram.