New Blood Group: ലോകത്തെവിടെയുമില്ലാത്ത പുതിയ ബ്ലഡ് ഗ്രൂപ്പ്; കണ്ടെത്തിയത് കർണാടക സ്വദേശിനിയായ 38കാരിയിൽ
New Blood Group Discovered In Karnataka: ലോകത്തെവിടെയുമില്ലാത്ത പുതിയ രക്തഗ്രൂപ്പ് കർണാടകയിൽ കണ്ടെത്തി. കർണാടക കോളാർ സ്വദേശിനിയായ 38 വയസുകാരിയിലാണ് പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത്.

ക്രിബ് രക്ത ഗ്രൂപ്പ്
ലോകത്തെവിടെയുമില്ലാത്തെ പുതിയ ബ്ലഡ് ഗ്രൂപ്പ് കണ്ടത്തി. കർണാടക സ്വദേശിനിയായ 38കാരിയിലാണ് പുതിയ രക്ത ഗ്രൂപ്പ് കണ്ടെത്തിയത്. കോളാർ സ്വദേശിനിയായ യുവതിയെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം. 10 മാസത്തെ ഗവേഷണങ്ങൾക്ക് ശേഷമാണ് ഇത് പുതിയ രക്തഗ്രൂപ്പ് ആണെന്ന് കണ്ടെത്തിയത്.
യുവതിയുടെ രക്തഗ്രൂപ്പ് ഓ പോസിറ്റീവ് ആണെന്നായിരുന്നു ആദ്യത്തെ ധാരണ. എന്നാൽ, ലഭ്യമായ ഒരു ഓ പോസിറ്റീവ് രക്തവും യുവതിയുടേതുമായി പൊരുത്തപ്പെട്ടില്ല. ഇതോടെ നൂതന സൗകര്യങ്ങളുള്ള ബെംഗളൂരുവിലെ ഒരു ലബോറട്ടറിയിലേക്ക് ആശുപത്രി അധികൃതർ രക്തത്തിൻ്റെ സാമ്പിൾ അയച്ചു. ഇവിടെ നടത്തിയ അത്യാധുനിക സീറോളജിക്കല്‍ പരിശോധനകളിലാണ് ഇവരുടെ രക്തം പാൻറിയാക്റ്റിവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. 20ഓളം ബന്ധുക്കളുടെ രക്തസാമ്പിളുകൾ പരിശോധിച്ചെങ്കിലും ഇവരുടെ രക്തസാമ്പിൾ അതിനോടൊന്നും പൊരുത്തപ്പെട്ടില്ല. ഇതോടെ അപൂര്‍വ വിഭാഗത്തില്‍ പെട്ടതോ പുതിയതോ ആയ രക്തഗ്രൂപ്പ് ആവാമെന്ന് സംശയമായി. തുടർന്ന് അതീവശ്രദ്ധയോടെ ചികിത്സ നടത്തിയ ആശുപത്രി അധികൃതർ രക്തത്തിൻ്റെ ആവശ്യമില്ലാതെ ശസ്ത്രക്രിയ പൂർത്തിയാക്കി.
ഇതിനിടെ വിശദപരിശോധനകൾക്കായി രോഗിയുടെയും ഇവരുടെ കുടുംബാംഗങ്ങളുടെയും രക്തസാമ്പിളുകൾ യുകെയിലെ ബ്രിസ്റ്റളിലുള്ള ഇന്റര്‍നാഷണല്‍ ബ്ലഡ് ഗ്രൂപ്പ് റഫറന്‍സ് ലബോറട്ടറിയിലേക്ക് അയച്ചു. 10 മാസത്തെ വിശദപരിശോധനകൾക്കും വിപുലമായ ഗവേഷണങ്ങൾക്കും തന്മാത്രാ പരിശോധനകൾക്കും ശേഷം ഇത് പുതിയ തരം രക്തഗ്രൂപ്പ് ആൻ്റിജനാണെന്ന് കണ്ടെത്തുകയായിരുന്നു.
ലോകത്തിൽ ആദ്യമായി ക്രിബ് (CRIB) ആൻ്റിജൻ രക്തഗ്രൂപ്പുള്ളയാളാണ് ഈ യുവതി. ക്രോമർ ബ്ലഡ് ഗ്രൂപ്പ് സിസ്റ്റത്തിൻ്റെ ഭാഗമാണ് ഇത്. പേരിലെ CR എന്നത് ക്രോമറിനെയും I എന്നത് ഇന്ത്യയെയും B എന്നത് ബെംഗളൂരുവിനെയും പ്രതിനിധീകരിക്കുന്നു. ഇക്കൊല്ലം ജൂണിൽ ഇറ്റലിയിലെ മിലാനിൽ വച്ച് നടന്ന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്റെ 35ആം റീജിയണല്‍ കോണ്‍ഗ്രസിൽ വച്ച് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി.