Malayali Nursing Student Dies: ‘മാനസിക പീഡനം സഹിക്കാനായില്ല’; കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
Malayali Nursing Student Found Dead: കര്‍ണാടക രാമനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദാ സാഗര്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിയായിരുന്നു അനാമിക. സംഭവത്തിൽ ഹരോഹള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരു:കർണാടകയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) ആണ് ഹോസ്റ്റൽ മുറിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കര്‍ണാടക രാമനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദാ സാഗര്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിയായിരുന്നു അനാമിക. സംഭവത്തിൽ ഹരോഹള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണം കഴിക്കുന്ന സമയമായിട്ടും അനാമിക പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് സഹപാഠികള്‍ വാതില്‍ മുട്ടിവിളിക്കുകയായിരുന്നു. എന്നാൽ കുറെ നേരമായിട്ടും തുറക്കാതെ വന്നതോടെ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറക്കുകയായിരുന്നു. ഈ സമയത്താണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനാമിക കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നാണ് സഹപാഠികൾ പറയുന്നത്.
Also Read: അച്ഛന്റെ സംസ്കാരത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം; മൃതദേഹം രണ്ടാക്കാമെന്ന് ഒരാൾ; നടന്നത് നാടകീയരംഗങ്ങൾ
കോളേജ് അധികൃതരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് അനാമിക ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതിന് കാരണകാർ കോളേജ് മാനേജ്മെന്‍റാണെന്നും കർശനനടപടി വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നു. മാനേജ്മെന്റിൽ നിന്ന് നിരന്തരം മാനസികപീഡനം അനാമികയ്ക്ക് നേരിടേണ്ടി വന്നുവെന്നും ഇത് കുട്ടിയെ വലിയ സമ്മർദ്ദത്തിലാക്കിയെന്നും സഹപാഠികൾ തന്നെ പറഞ്ഞിരുന്നുവെന്നും കുടുംബം പറയുന്നു.
സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് ഹാരോഹള്ളി പൊലീസ് ആന്വേഷണം ആരംഭിച്ചതായാണ് വിവരം. അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടെ ബെംഗളൂരുവിൽ മാത്രം വിവിധ സ്വകാര്യ നഴ്സിംഗ് കോളേജുകളിലായി 15 മലയാളി വിദ്യാർത്ഥികൾ ജീവനൊടുക്കിയെന്നാണ് കണക്ക്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)