Clash Over Cremation: അച്ഛന്റെ സംസ്കാരത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം; മൃതദേഹം രണ്ടാക്കാമെന്ന് ഒരാൾ; നടന്നത് നാടകീയരംഗങ്ങൾ
Two Sons Clash Over Father's Cremation: അച്ഛൻ മരിച്ചതിന് പിന്നാലെ സംസ്കാരത്തെ ചൊല്ലി ഉണ്ടായ തർക്കത്തിൽ മക്കളിൽ ഒരാൾ മുന്നോട്ട് വെച്ച നിർദേശം മൃതദേഹം രണ്ടായി മുറിക്കാൻ. ഒടുവിൽ പോലീസ് ഇടപെട്ടാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചത്.

ഭോപാൽ: അച്ഛൻ മരിച്ചതിന് പിന്നാലെ രണ്ട് മക്കൾ തമ്മിൽ സംസ്കാരത്തെ ചൊല്ലി തർക്കം. ഒടുവിൽ കണ്ടെത്തിയ തർക്ക പരിഹാര മാർഗം മൃതദേഹം രണ്ടായി മുറിക്കാമെന്ന്. മക്കളിൽ ഒരാൾ ഈ നിർദേശം മുന്നോട്ട് വെച്ചതോടെ അവിടെ ഉണ്ടായിരുന്ന നാട്ടുകാരും ഞെട്ടി. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് മനസിലായതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. ഒടുവിൽ പോലീസ് ഇടപെട്ടാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചത്.
മധ്യപ്രദേശിലെ ടീക്കാംഘട്ട് ജില്ലയിലെ താൽലിദോറ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. താൽലിദോറ ഗ്രാമവാസിയായ ധ്യാനി സിംഗ് ഘോഷ് എന്ന 85കാരൻ ഞായറാഴ്ചയാണ് മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ധ്യാനി സിംഗ് ഘോഷിന്റെ മക്കളായ ദാമോദർ സിങ്ങും കിഷൻ സിങ്ങും തമ്മിൽ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം ഉടലെടുത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അസുഖബാധിതനായിരുന്ന ധ്യാനി സിംഗ് ഘോഷിനെ ഏറെ നാളായി പരിചരിച്ചിരുന്നത് ദാമോദർ സിംഗാണ്. അച്ഛൻ അന്തരിച്ചതോടെ സംസ്കാരവും അന്ത്യകർമങ്ങളും ദാമോദർ സിംഗ് തന്നെ നടത്താൻ തീരുമാനിച്ചു. അങ്ങനെ അന്ത്യകർമങ്ങൾ ചെയ്യാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കവേയാണ് ധ്യാനി സിംഗ് ഘോഷിന്റെ മറ്റൊരു മകനായ കിഷൻ സിങ്ങും കുടുംബവും സംഭവസ്ഥലത്ത് എത്തുന്നത്. തുടർന്ന് അച്ഛന്റെ അന്ത്യകർമങ്ങൾ തനിക്ക് ചെയ്യണമെന്ന് കിഷൻ സിംഗ് ആവശ്യപ്പെട്ടു. ഇതോടെ രണ്ട് സഹോദരങ്ങളും തമ്മിൽ തർക്കം ഉടലെടുത്തു.
ALSO READ: പെണ്ണുങ്ങളെ കൊണ്ട് ഇതൊന്നും പറ്റില്ല..! ഒടുവിൽ ബെറ്റ് വച്ച് നഷ്ടമായത് നാല് ലക്ഷം രൂപ
തർക്കം അവസാനിക്കാതെ വന്നതോടെ കിഷൻ സിംഗ് ഒരു വിചിത്രമായ നിർദേശം മുന്നോട്ട് വെച്ചു. അച്ഛന്റെ മൃതദേഹം രണ്ടായി മുറിച്ച് രണ്ട് പേർക്കും വ്യത്യസ്തമായി സംസ്കാര ചടങ്ങുകൾ നടത്താമെന്നായിരുന്നു ഇയാളുടെ നിർദേശം. ഇത് കേട്ടതോടെ അവിടെ ഉണ്ടായിരുന്നു ബന്ധുക്കളും നാട്ടുകാരുമെല്ലാം ഞെട്ടി. ഇവരെല്ലാം കിഷൻ സിംഗിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഇക്കാര്യത്തിൽ തന്നെ ഉറച്ചു നിന്നു. ഇതോടെ സംസ്കാരച്ചടങ്ങുകൾ മണിക്കൂറുകളോളം നീണ്ടു.
പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് മനസിലായതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി രണ്ട് പേരുമായി ചർച്ചകൾ നടത്തിയ ശേഷം എല്ലാ ബന്ധുക്കളുടെയും അഭിപ്രായം കണക്കിലെടുത്ത് ദാമോദർ സിംഗ് തന്നെ അന്ത്യകർമങ്ങൾ നടത്തട്ടെയെന്ന് തീരുമാനം എടുത്തു. തുടർന്ന് പോലീസ് സാന്നിധ്യത്തിൽ ആൺ സംസ്കാര ചടങ്ങുകൾ നടന്നത്.