Operation Sindoor: ഇന്ത്യൻ ആക്രമണത്തിൽ ഒളിച്ചിരിക്കുന്ന പാക് യുദ്ധക്കപ്പലുകൾ; തിരിച്ചടിച്ചെന്ന് വീമ്പിളക്കിയതൊക്കെ നുണ; ദൃശ്യങ്ങൾ പുറത്ത്
Pakistan Warships During Operation Sindoor: ഓപ്പറേഷൻ സിന്ദൂറിൻ്റെ സമയത്ത് പാക് യുദ്ധവിമാനങ്ങൾ ഓടിയൊളിച്ചതായി തെളിവുകൾ. പുതിയ സാറ്റലൈറ്റ് ഇമേജിലാണ് ഇക്കാര്യം വ്യക്തമായത്.

പ്രതീകാത്മക ചിത്രം
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ ആക്രമണങ്ങൾക്ക് തിരിച്ചടിനൽകിയെന്ന പാക് അവകാശവാദം തള്ളി പുതിയ ദൃശ്യങ്ങൾ. ഇന്ത്യയുടെ ആക്രമണത്തിൽ ഓടിയൊളിക്കുന്ന നാവികസേനയുടെ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് ഇന്ത്യ ടുഡേ പുറത്തുവിട്ടത്. കറാച്ചി, ഗ്വദാർ തുറമുഖങ്ങളിൽ അഭയം പ്രാപിക്കുന്നതും ഒളിച്ചിരിക്കുന്നതും ചിത്രങ്ങളിൽ വ്യക്തമാണ്.
ഇന്ത്യ ആക്രമണം കടുപ്പിച്ചപ്പോൾ തങ്ങളുടെ യുദ്ധക്കപ്പലുകളൊക്കെ പാകിസ്താൻ നാവികസേന സ്ഥലത്തുനിന്ന് മാറ്റി. കറാച്ചിയിലെ നേവൽ ഡോക്ക്‌യാർഡിൽ നിന്ന് മാറ്റിയ കപ്പലുകൾ മറ്റിടത്താണ് സൂക്ഷിച്ചത്. മറ്റ് ചില യുദ്ധക്കപ്പലുകൾ ഇറാനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഗ്വാദർ തുറമുഖത്ത് സൂക്ഷിച്ചു. ഇന്ത്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാതെ ഉൾവലിഞ്ഞ് നിൽക്കുകയായിരുന്നു ഈ കപ്പലുകൾ.
ഓപ്പറേഷൻ സിന്ദൂറിന് ആറ് മാസം മുൻപാണ് തങ്ങൾ പുതിയ ആയുധം ഉൾപ്പെടുത്തിയതായി പാക് നാവികസേന അവകാശപ്പെട്ടത്. രാജ്യത്ത് തന്നെ നിർമ്മിച്ച, യുദ്ധക്കപ്പലുകളിൽ നിന്ന് തൊടുക്കാവുന്ന ബലിസ്റ്റിക് മിസൈൽ ആയുധശേഖരത്തിൽ ഉൾപ്പെടുത്തി എന്നായിരുന്നു അവകാശവാദം. പി282 എന്ന് പേരിട്ട ഈ മിസൈലിന് 350 കിലോമീറ്റർ ചുറ്റളവിൽ കൃത്യതയോടെ ആക്രമണം നടത്താനാവുമെന്നും നാവികസേന പറഞ്ഞു. ചൈനീസ് നിർമ്മിത സുൽഫിക്കർ എന്ന യുദ്ധക്കപ്പലിൽ നിന്ന് ഈ മിസൈൽ തൊടുക്കുന്ന വിഡിയോ സേന തന്നെ പുറത്തുവിടുകയും ചെയ്തിരുന്നു.
ഇക്കൊല്ലം മെയ് മാസത്തിലാണ് ഓപ്പറേഷൻ സിന്ദൂർ നടന്നത്. എന്നാൽ, പാകിസ്താൻ അവകാശപ്പെട്ട പി282 ബലിസ്റ്റിക് മിസൈലോ മറ്റേതെങ്കിലും തരത്തിലുള്ള ആയുധങ്ങളോ പ്രയോഗിച്ചില്ല. മാക്സർ ടെക്നോളജീസിൽ നിന്ന് സ്വന്തമാക്കിയ ഹൈ റെസല്യൂഷൻ സാറ്റലൈറ്റ് ചിത്രങ്ങളിൽ സുൽഫിക്കർ യുദ്ധവിമാനങ്ങളിൽ പകുതിയിലധികവും മറ്റ് യുദ്ധക്കപ്പലുകളും ഗ്വാദറിലായിരുന്നു എന്നാണ് തെളിയിക്കുന്നത്. നാവികസേനയുടെ താത്കാലിക അഭയകേന്ദ്രമായി ഈ തുറമുഖം മാറിയെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.