Operation Sindoor: സംയമനം പാലിക്കണം, സംഘര്‍ഷം ഒഴിവാക്കണം; ഇന്ത്യയോടും പാകിസ്ഥാനോടും യുഎഇ
Sheikh Abdullah bin Zayed Al Nahyan calls for restraint: പ്രതിസന്ധികൾ സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനും നയതന്ത്രമാണ് മികച്ച മാര്‍ഗം. സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ യുഎഇ പിന്തുണയ്ക്കുമെന്നും ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ
ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ രംഗത്ത്. സംഘർഷങ്ങൾ ലഘൂകരിക്കണമെന്നും, പ്രാദേശിക, അന്തർദേശീയ സമാധാനത്തിന് ഭീഷണിയായേക്കാവുന്ന കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൈനിക സംഘര്‍ഷം തടയണം. ദക്ഷിണേഷ്യയില്‍ സ്ഥിരത ശക്തിപ്പെടുത്തണം. സംഘര്‍ഷം ഒഴിവാക്കാന്‍ പരസ്പര ധാരണയില്‍ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികൾ സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനും നയതന്ത്രമാണ് മികച്ച മാര്‍ഗം. സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ യുഎഇ പിന്തുണയ്ക്കുമെന്നും ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
അതേസമയം, പഹല്‍ഗാമില്‍ മരിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭിക്കാനാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടപ്പിലാക്കിയതെന്ന് ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.




ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനിലെ സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്നും, തീവ്രവാദ കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും അവര്‍ വിശദീകരിച്ചു. ഭീകരതയെ തടയുന്നതിന് പാകിസ്ഥാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് തെളിവുകളടക്കം ചൂണ്ടിക്കാട്ടി ഇന്ത്യ വിശദീകരിച്ചു.