Operation Sindoor: ലക്ഷ്യമിട്ടത് തീവ്രവാദ കേന്ദ്രങ്ങള്‍ മാത്രം; ദൗത്യം നടപ്പിലാക്കിയത് സാധാരണക്കാരെ ബാധിക്കാതെ; വ്യക്തമാക്കി ഇന്ത്യ
Operation Sindoor Updates: പഹല്‍ഗാമില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ച് വിക്രം മിസ്രി വിശദീകരിച്ചു. നേപ്പാള്‍ പൗരനുള്‍പ്പെടെ 26 പേരാണ് പഹല്‍ഗാമില്‍ മരിച്ചത്. പലരുടെയും തലയ്ക്കാണ് വെടിയേറ്റത്. മിക്കതും ക്ലോസ് റേഞ്ചിലായിരുന്നു. കുടുംബാംഗങ്ങളുടെ അടുത്ത് വെച്ചാണ് നിരപരാധികളെ ഭീകരര്‍ വെടിവച്ചുകൊന്നതെന്നും വിക്രം മിസ്രി
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി ലഭിക്കാനാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടപ്പിലാക്കിയതെന്ന് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരാണ് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ച് വാര്‍ത്താ സമ്മേളനം നടത്തിയത്. പാകിസ്ഥാനിലും, പാക് അധിനിവേശ കശ്മീരിലുമുള്ള ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തെന്നും, സാധാരണക്കാരെ ബാധിക്കാത്ത തരത്തിലാണ് ദൗത്യം നടപ്പിലാക്കിയതെന്നും സോഫിയ ഖുറേഷിയും, വ്യോമിക സിങും വിശദീകരിച്ചു.
ആസൂത്രണത്തിലും, അത് നടപ്പാക്കിയ രീതിയിലും വ്യക്തമാകുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രൊഫഷണലിസമാണെന്നും ഇരുവരും വിശദീകരിച്ചു. തീവ്രവാദ കേന്ദ്രങ്ങള്‍ കൃത്യമായി തിരഞ്ഞെടുത്താണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതെന്നും ഖുറേഷിയും, വ്യോമിക സിങും അറിയിച്ചു.
പഹല്‍ഗാമില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ച് വിക്രം മിസ്രി വിശദീകരിച്ചു. നേപ്പാള്‍ പൗരനുള്‍പ്പെടെ 26 പേരാണ് പഹല്‍ഗാമില്‍ മരിച്ചത്. പലരുടെയും തലയ്ക്കാണ് വെടിയേറ്റത്. മിക്കതും ക്ലോസ് റേഞ്ചിലായിരുന്നു. കുടുംബാംഗങ്ങളുടെ അടുത്ത് വെച്ചാണ് നിരപരാധികളെ ഭീകരര്‍ വെടിവച്ചുകൊന്നതെന്നും വിക്രം മിസ്രി വ്യക്തമാക്കി.




ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ടാണ് ആക്രമണം നടത്തിയത്. രാജ്യത്ത് മതസ്പര്‍ധ വളര്‍ത്താനാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. ജമ്മു കശ്മീരിന്റെ പുനരുജ്ജീവനവും, ടൂറിസവും തകര്‍ക്കുക കൂടി അവര്‍ ലക്ഷ്യമിട്ടതായും വിക്രം മിസി കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന് പിന്നിലെ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
റെസിസ്റ്റന്‍സ് ഫ്രണ്ടിനെക്കുറിച്ച് യുഎന്‍ മോണിറ്ററി കമ്മിറ്റിയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2023 ഡിസംബറിലും തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആക്രമണത്തെക്കുറിച്ച് കൃത്യമായ തെളിവ് ലഭിച്ചിരുന്നു. കൃത്യമായ ആസൂത്രണമാണ് ഇതിന് പിന്നില്‍ നടന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നു. പാകിസ്ഥാന്‍ തീവ്രവാദത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
അന്താരാഷ്ട്ര വേദികളില്‍ പാകിസ്ഥാന്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നത്. ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ സാജിദ് മിറിനെക്കുറിച്ച് പാകിസ്ഥാന്‍ നേരത്തെ തെറ്റിദ്ധരിപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു. മുംബൈ ഭീകരാക്രമണമുടക്കമുള്ള ഉദാഹരണങ്ങളും വിക്രം മിസ്രി വിശദീകരിച്ചു.
നടപടികള്‍ എടുക്കുന്നതിന് പകരം വാസ്തവങ്ങള്‍ തള്ളിക്കളയുകയും, ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്നും വിക്രം മിസ്രി വ്യക്തമാക്കി. തീവ്രവാദക്യാമ്പുകള്‍ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണം നടന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള ഉപഗ്രഹചിത്രങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. എന്നാല്‍ ദൗത്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടന്നിട്ടില്ല. വെളിപ്പെടുത്താവുന്ന വിവരങ്ങള്‍ മാത്രമാണ് പുറത്തുവിട്ടത്. സ്വയം പ്രതിരോധിക്കാനുള്ള അവകാശമാണ് ഉപയോഗിച്ചതെന്നും ഇന്ത്യ വ്യക്തമാക്കുന്നു.
Read Also: Operation Sindoor: വ്യോമാതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ; പ്രതികരിച്ച് ലോകരാജ്യങ്ങള്‍
സന്ദേശം വ്യക്തം
വാര്‍ത്താ സമ്മേളനത്തില്‍ വിക്രം മിസ്രിയ്‌ക്കൊപ്പം എത്തിയ ഉദ്യോഗസ്ഥരിലൂടെ ഇന്ത്യ പുറത്തുവിടുന്നത് വ്യക്തമായ സന്ദേശം. മതം നോക്കി പുരുഷന്മാരെ തിരഞ്ഞുപിടിച്ച് വധിച്ചവര്‍ക്ക്, വനിതാ സൈനിക ഉദ്യോഗസ്ഥരിലൂടെ രാജ്യത്തിന്റെ മറുപടി നല്‍കുകയായിരുന്നു കേന്ദ്രം.