Operation Sindoor: ‘കറാച്ചി ആക്രമിക്കാൻ ഇന്ത്യൻ നാവികസേന സജ്ജമായിരുന്നു’; ഓപ്പറേഷൻ സിന്ദൂർ വൈസ് അഡ്മിറൽ
Operation Sindoor updates: ഇന്ത്യൻ നാവികസേന ഇപ്പോഴും അറേബ്യൻ കടലിൽ വിന്യസിച്ചിട്ടുണ്ടെന്നും പാകിസ്താന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനങ്ങൾ ഉണ്ടായാൽ തിരിച്ചടി നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂരിൽ നാവിക സേന വഹിച്ച പങ്ക് വെളിപ്പെടുത്തി വൈസ് അഡ്മിറൽ എ എൻ പ്രമോദ്. ഇന്ത്യ പാകിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചപ്പോൾ, ഇന്ത്യൻ നാവികസേന എല്ലാ സജ്ജരായിരുന്നുവെന്നും കറാച്ചി ഉൾപ്പെടെയുള്ള മേഖലകൾ ആക്രമിക്കാൻ പൂർണ്ണമായും പ്രാപ്തരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് നടന്ന മൂന്ന് സേനകളുടെയും സംയുക്ത മാധ്യമസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഹൽഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായുള്ള ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി, ഇന്ത്യൻ നാവികസേനയുടെ കേരിയർ ബാറ്റിൽ ഗ്രൂപ്പുകൾ, ഉപരിതല കപ്പലുകൾ, സബ്‌മറീനുകൾ, വ്യോമ സേനാ ഘടകങ്ങൾ എന്നിവ 96 മണിക്കൂറിനുള്ളിൽ തന്നെ അറേബ്യൻ കടലിൽ സജ്ജമായി വിന്യസിക്കപ്പെട്ടതായി വൈസ് അഡ്മിറൽ പറഞ്ഞു.
കറാച്ചി ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ തയ്യാറായിരുന്നു. ഇന്ത്യൻ നാവികസേന ഇപ്പോഴും അറേബ്യൻ കടലിൽ വിന്യസിച്ചിട്ടുണ്ടെന്നും പാകിസ്താന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനങ്ങൾ ഉണ്ടായാൽ തിരിച്ചടി നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വെടിനിർത്തലിന് ധാരണ ആയെങ്കിലും പാകിസ്താൻ പ്രകോപനം തുടരുകയാണ്. ജമ്മുവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു വരിച്ചു. മണിപ്പൂർ സ്വദേശിയായ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്ഖാം ആണ് വീരമൃത്യു വരിച്ചത്. ഇതോടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി.