AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Online Gaming Bill: ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം, ബിൽ പാസാക്കി; സെലിബ്രിറ്റികൾ അഭിനയിക്കുന്നതിനും വിലക്ക്

Parliament Passes Online Gaming Bill: ഗെയ്മിങ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ഈ ബിൽ. പണം വച്ചുള്ള ഓൺലൈൻ ഗെയ്മിങ്ങിന് മൂന്നുവർഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏർപ്പെടുത്തണമെന്നാണ് ബില്ലിൽ നിർദേശിക്കുന്നത്.

Online Gaming Bill: ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം, ബിൽ പാസാക്കി; സെലിബ്രിറ്റികൾ അഭിനയിക്കുന്നതിനും വിലക്ക്
Minister Ashwini VaishnavImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 21 Aug 2025 18:27 PM

ന്യൂഡൽഹി: ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകൾക്ക് നിരോധനമേർപ്പെടുത്തുന്ന ബില്ല് പാസാക്കി. ശബ്ദവോട്ടോടെയാണ് രാജ്യസഭ ബിൽ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെയായിരുന്നു ബിൽ പാസായത്. ലോക്സഭയിൽ ബിൽ നേരത്തെ തന്നെ പാസാക്കിയിരുന്നു. പണം വച്ചുള്ള ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകൾക്കാണ് ഈ ബിൽ ബാധകമാവുക. ദ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയ്മിങ് ബിൽ എന്നാണ് ഇതിൻ്റെ നാമം.

ഗെയ്മിങ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ഈ ബിൽ. പണം വച്ചുള്ള ഓൺലൈൻ ഗെയ്മിങ്ങിന് മൂന്നുവർഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏർപ്പെടുത്തണമെന്നാണ് ബില്ലിൽ നിർദേശിക്കുന്നത്. രാജ്യത്ത് ലഹരി പോലെ തന്നെ ആളുകളെ അടിമയാക്കുന്ന ഒന്നാണ് ഇത്തരം ​ഗെയ്മിങ്ങ് പ്ലാറ്റ്ഫോമുകളെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

‘‘പണം വച്ചുള്ള ഗെയ്മിങ് ബില്ലിനെതിരെ പലരും കോടതിയെ സമീപിച്ചേക്കാം. ഈ നിരോധനത്തിനെതിരെ അവർ സമൂഹമാധ്യമങ്ങളിൽ പലതരം ക്യാംപെയ്നുകൾ തുടങ്ങും. ഇത്തരം ഗെയിമുകളുടെ പ്രത്യാഘാതങ്ങളും ഈ പണം എങ്ങനെയാണ് ഭീകരവാദത്തെ പിന്തുണയ്ക്കുന്നതെന്നും നമ്മൾ കണ്ടതാണ്’’– മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഓൺലൈൻ ഗെയ്മുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണ് ഇത്തരമൊരു നിയമഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ വാതുവയ്പ്പുകൾക്കും ഇനി മുതൽ രാജ്യത്ത് ശിക്ഷയും പിഴയും ഏർപ്പെടുത്തും. സെലിബ്രിറ്റികളായ വ്യക്തികൾ ഇത്തരം ഗെയ്മിങ് ആപ്പുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിനെതിരെയും ബില്ലിൽ പരാമർശിച്ചിട്ടുണ്ട്. ഇതിനും നിരോധനം ഏർപ്പെടുത്തി. ആപ്പുകൾ പരസ്യം ചെയ്താൽ രണ്ടുവർഷംവരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ‌ ലഭിക്കുക. കുറ്റം ആവർത്തിച്ചാൽ മൂന്നു മുതൽ 5 വർഷം വരെ തടവും 2 കോടി രൂപ വരെ പിഴയും ലഭിക്കുന്നതാണ്.