Narendra Modi: ഇന്ത്യയുടേത് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ; ട്രംപിന് പരോക്ഷ മറുപടിയുമായി മോദി
PM Modi calls India fastest growing economy: ഇന്ത്യ നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്ന് പ്രധാനമന്ത്രി. 11 വർഷത്തിനിടെ, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പത്താം സ്ഥാനത്ത് നിന്ന് ആദ്യ അഞ്ച് സ്ഥാനങ്ങളിലേക്ക് ഉയർന്നുവെന്നും മോദി

നരേന്ദ്ര മോദി
ബെംഗളൂരു: ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള നേതൃത്വത്തിലേക്ക് രാജ്യം അതിവേഗം നീങ്ങുകയാണെന്നും ബെംഗളൂരു മെട്രോയുടെ 19 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുന്നതിനിടെ മോദി പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നിര്‍ജ്ജീവമാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് മോദി പരോക്ഷ മറുപടി നല്‍കുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാരിന്റെ ‘റിഫോം, പെര്‍ഫോം, ട്രാന്‍സ്‌ഫോം’ എന്ന സമീപനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ്. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പത്താം സ്ഥാനത്ത് നിന്ന് ആദ്യ അഞ്ച് സ്ഥാനങ്ങളിലേക്ക് ഉയർന്നു. മൂന്ന് മികച്ച സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറുന്നതിലേക്ക് അതിവേഗം കുതിക്കുകയാണ്. സാങ്കേതിക മേഖലയിൽ രാജ്യം സ്വാശ്രയത്വം ത്വരിതപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഗോള വേദിയിൽ ഇന്ത്യൻ ടെക് കമ്പനികൾ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ലോകത്തിനുവേണ്ടി സോഫ്റ്റ്‌വെയറും ഉൽപ്പന്നങ്ങളും അവർ നിര്‍മ്മിച്ചു. ഇന്ത്യയുടെ ആവശ്യങ്ങൾക്ക് കൂടുതൽ മുൻഗണന നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ നാം മുന്നോട്ട് പോകണമെന്നും മോദി ആഹ്വാനം ചെയ്തു.
Also Read: Raksha Bandhan 2025: കുട്ടികള്‍ക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷിച്ച് പ്രധാനമന്ത്രി
രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനം അതിന്റെ സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. 2014 ന് മുമ്പ് ഇന്ത്യയുടെ മൊത്തം കയറ്റുമതി 468 ബില്യൺ ഡോളറായിരുന്നു, എന്നാൽ ഇന്ന് അത് 824 ബില്യൺ ഡോളറാണ്. മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്തിരുന്ന നമ്മൾ ഇപ്പോൾ മൊബൈൽ ഹാൻഡ്‌സെറ്റുകളുടെ ആദ്യ അഞ്ച് കയറ്റുമതിക്കാരിൽ ഒരാളാണ്. 2014 ന് മുമ്പ് നമ്മുടെ ഇലക്ട്രോണിക് കയറ്റുമതി 6 ബില്യൺ ഡോളറായിരുന്നു. ഇപ്പോൾ 38 ബില്യൺ ഡോളറായി ഉയർന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.