Locomotive for Export: കയറ്റുമതിക്കായുള്ള ആദ്യ ഇന്ത്യൻ നിർമിത ലോക്കോമോട്ടീവ്, ഫ്ലാഗ് ഓഫ് ഇന്ന്; സവിശേഷതകൾ അറിയാം
Locomotive for Export: ബിഹാറിലെ സരൺ ജില്ലയിലെ മർഹോവ്ര ഡീസൽ ലോക്കോമോട്ടീവ് പ്ലാന്റിൽ നിർമ്മിക്കുന്ന ഈ ലോക്കോമോട്ടീവുകൾ ഇന്ത്യയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ - മെയ്ക്ക് ഫോർ ദി വേൾഡ്' ആശയത്തിലെ പുത്തൻ നാഴികകല്ലായാണ് കണക്കാക്കുന്നത്.
കയറ്റുമതി ആവശ്യങ്ങൾക്കായുള്ള ആദ്യ ഇന്ത്യൻ നിർമിത ലോക്കോമോട്ടീവ് പ്രധാനമന്ത്രി നരന്ദ്രമോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. റിപ്പബ്ലിക് ഓഫ് ഗിനിയയിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ബീഹാറിൽ നിർമ്മിച്ച ലോക്കോമോട്ടീവാണ് ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നത്.
ബിഹാറിലെ സരൺ ജില്ലയിലെ മർഹോവ്ര ഡീസൽ ലോക്കോമോട്ടീവ് പ്ലാന്റിൽ നിർമ്മിക്കുന്ന ഈ ലോക്കോമോട്ടീവുകൾ ഇന്ത്യയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ – മെയ്ക്ക് ഫോർ ദി വേൾഡ്’ ആശയത്തിലെ പുത്തൻ നാഴികകല്ലായാണ് കണക്കാക്കുന്നത്.
ഇന്ത്യൻ റെയിൽവേയ്ക്ക് മാത്രമായി മുമ്പ് ലോക്കോമോട്ടീവുകൾ നിർമ്മിച്ചിരുന്നുവെന്ന് റെയിൽവേ ബോർഡിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി (ഇഡിഐപി) എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ പറഞ്ഞു. എന്നാൽ, ശേഷി വർദ്ധിപ്പിച്ചതോടെ ഇന്ത്യ ഇപ്പോൾ ആഗോള ലോക്കോമോട്ടീവുകളുടെ കയറ്റുമതി വിപണിയിലേക്ക് പ്രവേശിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘റിപ്പബ്ലിക് ഓഫ് ഗിനിയയിൽ നിന്ന് ഞങ്ങൾക്ക് ഒരു വലിയ ഓർഡർ ലഭിച്ചു, അതിന് സ്റ്റാൻഡേർഡ്-ഗേജ് ലോക്കോമോട്ടീവുകൾ ആവശ്യമാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 150 ലോക്കോമോട്ടീവുകൾ റിപ്പബ്ലിക് ഓഫ് ഗിനിയയിലേക്ക് ഇരുമ്പയിര് ഖനിക്കായി അയയ്ക്കും’, എന്ന് അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സവിശേഷതകൾ
പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഈ ഫാക്ടറിയിൽ നിർമ്മിക്കുന്ന ആദ്യത്തെ കയറ്റുമതി ലോക്കോമോട്ടീവ് ആണിത്.
ഉയർന്ന കുതിരശക്തിയുള്ള എഞ്ചിനുകൾ, നൂതന എസി പ്രൊപ്പൽഷൻ സിസ്റ്റം, മൈക്രോപ്രൊസസ്സർ അധിഷ്ഠിത നിയന്ത്രണ സംവിധാനങ്ങൾ, എർഗണോമിക് ക്യാബ് ഡിസൈനുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ് പോലുള്ള സാങ്കേതികവിദ്യകൾ എന്നിവ ഈ ലോക്കോമോട്ടീവുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
സ്റ്റാൻഡേർഡ് ഗേജ് ലോക്കോമോട്ടീവുകൾക്ക് ആഗോളതലത്തിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ യൂറോപ്പ്, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഉയർന്ന ഡിമാൻഡ്.
ലോകത്തിലെ ഏറ്റവും വലിയ ഇരുമ്പയിര് ഖനന സംരംഭങ്ങളിലൊന്നായ ഗിനിയയിലെ സിമാൻഡോ പദ്ധതിക്ക് ലോക്കോമോട്ടീവുകൾ നിർണായകം.
2015-ൽ അനുവദിച്ച ഈ പദ്ധതിയിൽ, വാബ്ടെക്കിന് 75% ഓഹരി പങ്കാളിത്തവും ഇന്ത്യൻ റെയിൽവേയ്ക്ക് 25% ഓഹരി പങ്കാളിത്തവുമുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം, 726 ലോക്കോമോട്ടീവുകൾ ഇന്ത്യൻ റെയിൽവേയ്ക്ക് കൈമാറി. നിലവിൽ 150 എണ്ണമാണ് ഗിനിയയിലേക്ക് കയറ്റുമതി ചെയ്യുന്നത്.
നിർമാണ പ്രവർത്തനങ്ങൾക്കായി മർഹോവ്ര ഡീസൽ ലോക്കോമോട്ടീവ് പ്ലാന്റിൽ നേരിട്ടും അല്ലാതെയും 2000-2500 പേർക്ക് ജോലി നൽകിയിട്ടുണ്ട്.