PM Modi: മൻ കി ബാത്തിന്റെ 128-ാമത് എപ്പിസോഡ്, മോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് രാജ്യം
PM Narendra Modi's 128th Edition of Mann Ki Baat: മോദിയുടെ മന്‍ കി ബാത്ത് പരിപാടി ഇന്ന് രാവിലെ 11 മണിക്ക്. മന്‍ കി ബാത്തിന്റെ 128-ാമത് എപ്പിസോഡാണ്. ആകാശവാണി, ദൂരദർശൻ നെറ്റ്‌വർക്ക് എന്നിവയില്‍ സംപ്രേഷണം ചെയ്യും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് പരിപാടി ഇന്ന് നടക്കും. രാവിലെ 11 മണിക്ക് മന്‍ കി ബാത്ത് കേള്‍ക്കാം. മന്‍ കി ബാത്തിന്റെ 128-ാമത് എപ്പിസോഡാണ് ഇത്. ആകാശവാണി, ദൂരദർശൻ നെറ്റ്‌വർക്ക് എന്നിവയില്‍ പരിപാടി സംപ്രേഷണം ചെയ്യും. ആകാശവാണി ന്യൂസ്, ഡിഡി ന്യൂസ്, പിഎംഒ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയുടെ യൂട്യൂബ് ചാനലുകളിലും മന്‍ കി ബാത്ത് ലഭിക്കും. ഹിന്ദി പ്രക്ഷേപണത്തിന് തൊട്ടുപിന്നാലെ ആകാശവാണി പ്രാദേശിക ഭാഷകളിൽ പരിപാടി സംപ്രേഷണം ചെയ്യും.
അതേസമയം, മോദിയുടെ ഛത്തീസ്ഗഡ് പര്യടനം തുടരുകയാണ്. ഛത്തീസ്ഗഡിൽ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെയും ഇൻസ്പെക്ടർ ജനറൽമാരുടെയും അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മോദി റായ്പുരിലെത്തിയത്. നവ റായ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലാണ് പരിപാടി. ഇന്നലെയും, ഇന്നുമായി നടക്കുന്ന സമ്മേളനത്തിന്റെ വിവിധ സെഷനുകളിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സഹമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് ഡയറക്ടർ ജനറൽമാർ തുടങ്ങിയവര്‍ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ‘വികസിത ഭാരതം: സുരക്ഷാ മാനങ്ങള്‍’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
Also Read: Ayodhya Flag: പ്രധാനമന്ത്രി രാമക്ഷേത്രത്തിൽ പവിത്രമായ കാവി പതാക ഉയർത്തി
ഭീകരവാദത്തിനെതിരായ പോരാട്ടം, ദുരന്തനിവാരണം, സ്ത്രീ സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. പ്രധാനമന്ത്രി വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും സമ്മേളനത്തിൽ സമ്മാനിക്കും.
ഡയറക്ടർ ജനറൽമാരുടെയും ഇൻസ്പെക്ടർ ജനറൽമാരുടെയും 60-ാമത് അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച വൈകുന്നേരമാണ് മോദി റായ്പുരിലെത്തിയത്. പ്രത്യേക വിമാനത്തിൽ വൈകുന്നേരം 7.40 ഓടെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗവർണർ രാമൻ ദേക, മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.