Modi@75: ഒറ്റമുറി വീട്ടില്‍ നിന്ന് തുടങ്ങിയ യാത്ര എത്തിച്ചേര്‍ന്നത് ഇന്ദ്രപ്രസ്ഥത്തിന്റെ അമരത്തേക്ക്; മോദി എന്ന രാഷ്ട്രീയ ഇന്ദ്രജാലക്കാരന്‍
PM Narendra Modi at 75: ചായ വില്‍പനക്കാരനില്‍ നിന്ന്, ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലേക്ക് എത്തിയ ജീവിതയാത്രയെ അഭിമാനത്തോടെയാണ് നരേന്ദ്ര മോദി നോക്കികാണുന്നത്. കഠിനാധ്വാനവും, സ്ഥിരോത്സാഹവുമാണ് അന്നും ഇന്നും മോദിയെ നയിച്ചത്

Narendra Modi
വഡനഗര് റെയില്‍വേ സ്‌റ്റേഷനിലെ ചായ വില്‍പനക്കാരനില്‍ നിന്ന്, ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലേക്ക് എത്തിയ ജീവിതയാത്രയെ അഭിമാനത്തോടെയാണ് നരേന്ദ്ര മോദി നോക്കികാണുന്നത്. കഠിനാധ്വാനവും, സ്ഥിരോത്സാഹവുമാണ് അന്നും ഇന്നും മോദിയെ നയിച്ചത്. 1950 സെപ്തംബര്‍ 17ന് ഗുജറാത്തിലെ വഡനഗറിലായിരുന്നു മോദിയുടെ ജനനം.
മണ്‍തറയുള്ള ഒറ്റമുറി വീട്ടിലായിരുന്നു മോദി വളര്‍ന്നതും, കുട്ടിക്കാലം ചെലവഴിച്ചതും. സാമ്പത്തിക വെല്ലുവിളിയുണ്ടായിരുന്നെങ്കിലും ഒരിക്കലും ദാരിദ്ര്യം അനുഭവിച്ചിട്ടില്ലെന്ന് ഒരിക്കല്‍ മോദി വെളിപ്പെടുത്തിയിരുന്നു. തന്റെ വിജയങ്ങളുടെ ‘ക്രെഡിറ്റ്’ മോദി എന്നും കൊടുത്തിരുന്നത് അദ്ദേഹത്തിന്റെ അമ്മയ്ക്കാണ്. തന്റെയുള്ളിലെ മൂല്യങ്ങള്‍ അമ്മ രൂപപ്പെടുത്തിയതാണെന്ന് അദ്ദേഹം പല തവണ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപിയിലേക്ക്
സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ മോദി നേതൃപാടവം തെളിയിച്ചിരുന്നു. അസാധാരണ സംവാദകന്‍ എന്നാണ് മോദിയെ, അദ്ദേഹത്തിന്റെ അധ്യാപകര്‍ വിശേഷിപ്പിച്ചിരുന്നത്. എട്ടാം വയസ് മുതല്‍ ആര്‍എസ്എസുമായി അടുപ്പമുണ്ടായിരുന്നു. 1971ല്‍ ആര്‍എസ്എസിന്റെ മുഴുവന്‍ സമയപ്രവര്‍ത്തനായി. 85ല്‍ ആര്‍എസ്എസിലൂടെ ബിജെപിയിലെത്തി. വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തെ നേതൃസ്ഥാനങ്ങള്‍ തേടിയെത്തി. 1998ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി.
2001ല്‍ കേശുഭായ് പട്ടേലിന്റെ പിന്‍ഗാമിയായി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ 2002ലാണ് അദ്ദേഹം ആദ്യമായി മത്സരിക്കുന്നത്. 2002 ഫെബ്രുവരിയിൽ രാജ്കോട്ട് II മണ്ഡലത്തിൽ നിന്ന് ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി തന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജയം നേടി. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം ഒരു പൊളിറ്റിക്കല്‍ ഐക്കണായി മാറി.
ദേശീയ രാഷ്ട്രീയത്തിലേക്ക്
നീണ്ട 13 വര്‍ഷങ്ങള്‍ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ “ഗുജറാത്ത് മോഡൽ” ദേശീയ ശ്രദ്ധ ആകർഷിച്ചു. ഗുജറാത്തിന്റെ വികസന നായകനായി അറിയപ്പെട്ട മോദി വൈകാതെ തന്നെ ദേശീയ രാഷ്ട്രീയത്തിലും പ്രധാന ചര്‍ച്ചാ വിഷയമായി. വൈകാതെ അദ്ദേഹം സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ തലത്തിലേക്ക് മാറി. 2014ല്‍ മോദിയുടെ നേതൃത്വത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിട്ട എന്‍ഡിഎ വന്‍ വിജയം നേടി അധികാരത്തിലെത്തി. തുടര്‍ന്ന് തുടര്‍ന്ന് എതിരാളികളില്ലാത്ത കരുത്തനായി മോദി മാറുന്ന കാഴ്ചയാണ് ഇന്ത്യന്‍ രാഷ്ട്രീയം കണ്ടത്.