‘യുദ്ധമല്ല, നയതന്ത്രമാണ് വഴി’: സെലെൻസ്കിയുമായി സംസാരിച്ച് മോദി; സമാധാനശ്രമങ്ങൾക്ക് ഇന്ത്യ സന്നദ്ധം
PM Modi Holds Telephonic Talk with Zelenskyy: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി സംസാരിച്ചു. നിലവിൽ തുടരുന്ന സംഘർഷവുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ സെലെൻസ്കി പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളിയാകാൻ ഇന്ത്യ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി.

Narendra Modi Volodymyr Zelensky
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി സംസാരിച്ചു. നിലവിൽ തുടരുന്ന സംഘർഷവുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ സെലെൻസ്കി പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളിയാകാൻ ഇന്ത്യ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയും യുക്രെയ്നും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്തു.
സംഭാഷണത്തിൽ ഇന്ത്യയുടെ മാനുഷിക കേന്ദ്രീകൃത സമീപനം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ഈ സംഘർഷത്തിന് പരിഹാരം കാണാവൂ എന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു. സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനായി നടത്തുന്ന എല്ലാ ശ്രമങ്ങളിലും പങ്കാളികളാകാനും സംഭാവനകൾ നൽകാനും ഇന്ത്യ തയ്യാറാണെന്നും മോദി വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര നന്മയ്ക്കായി വിവിധ മേഖലകളിൽ ഇന്ത്യയും യുക്രെയ്നും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഇരു നേതാക്കളും ചർച്ച ചെയ്തു.
മോദിയുടെ ട്വീറ്റ്
Glad to have had a productive telephone conversation with President Zelenskyy. We reviewed our wide-ranging bilateral cooperation and agreed to further strengthen India-Ukraine ties.
I thanked President Zelenskyy for sharing his perspectives on the ongoing conflict, its humanitarian aspects and various efforts to restore peace. Reiterated India’s firm commitment to contributing in every possible way towards a peaceful resolution.
@ZelenskyyUA
— Narendra Modi (@narendramodi) November 9, 2026
മോദിയുമായി സംസാരിച്ചെന്ന് സെലെൻസ്കി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്ന് സെലെന്‍സ്‌കിയും ട്വീറ്റ് ചെയ്തു. ഏറ്റവും പുതിയ നയതന്ത്ര സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തതായി സെലെന്‍സ്‌കി വ്യക്തമാക്കി. അബുദാബിയിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയുടെ അജണ്ടയിലുള്ള ഓരോ വിഷയത്തെക്കുറിച്ചും തങ്ങള്‍ സജീവമായി തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. യുക്രെയ്ൻ എല്ലായ്പ്പോഴും ക്രിയാത്മകമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. സംഘർഷം ലഘൂകരിക്കുന്നതിന് റഷ്യയും സമാനമായ സന്നദ്ധത കാണിക്കേണ്ടതുണ്ടെന്നും യുക്രെയ്ന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
യുദ്ധം തുടരുകയല്ല, മറിച്ച് അത് അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി മോദി പലതവണ വ്യക്തമാക്കിയിരുന്നു. റഷ്യൻ നേതാവിനോട് നേരിട്ടും അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയാണെന്നും, മറ്റ് നേതാക്കളുമായി എങ്ങനെയുള്ള ചർച്ചകൾ നടത്താമെന്നും തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും സെലെന്‍സ്‌കി പറഞ്ഞു.
ഭക്ഷ്യസുരക്ഷ അത്തരമൊരു മേഖലയാകാം. കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി റഷ്യ തടഞ്ഞതിനെക്കുറിച്ച് തങ്ങള്‍ ചർച്ച ചെയ്തു. ഭക്ഷ്യ ഇടനാഴികൾ സ്ഥാപിക്കുന്നതിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ സന്നദ്ധമാണ്. ഈ ശ്രമങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സെലെന്‍സ്‌കി പറഞ്ഞു. കടൽപാതകൾ തടസ്സപ്പെട്ടതുമൂലം ആഗോള സമ്പദ്‌വ്യവസ്ഥയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളും ദുരിതമനുഭവിക്കുന്നുണ്ടെന്ന് റഷ്യ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary
Prime Minister Narendra Modi held a phone conversation today with Ukrainian President Volodymyr Zelenskyy. President Zelenskyy shared updates on the ongoing conflict in Ukraine. PM Modi reiterated India’s commitment to resolving the conflict through dialogue and diplomacy. The two leaders also discussed boosting bilateral cooperation between India and Ukraine.