Pralhad Joshi: അവര്‍ ഭരണഘടനയുടെ അമ്പത് ശതമാനവും മാറ്റിമറിച്ചു, കോണ്‍ഗ്രസിനെതിരെ ‘ഒളിയമ്പു’മായി പ്രഹ്ലാദ് ജോഷി
Pralhad Joshi criticizes Congress: 1948-ൽ ഭരണഘടനാ അസംബ്ലി ചർച്ചകളിൽ മതേതര, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ചേർക്കുന്നതിനെ ഡോ. ബി. ആർ. അംബേദ്കർ എതിർത്തിരുന്നുവെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പ്രഹ്ലാദ് ജോഷി പറഞ്ഞിരുന്നു

പ്രഹ്ലാദ് ജോഷി
കോണ്‍ഗ്രസ് പലതവണ ഭരണഘടന തിരുത്തിയെന്ന വിമര്‍ശനം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ‘കോണ്‍ഗ്രസ് അടിച്ചേല്‍പിച്ച അടിയന്തരാവസ്ഥ’ എന്ന പേരില്‍ ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിനുശേഷം 42-ാം ഭേദഗതിയിലൂടെ ഭരണഘടനയിലെ 32 പ്രൊവിഷനുകളെ കോണ്‍ഗ്രസ് മാറ്റിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഭരണഘടനയുടെ 50 ശതമാനവും അവര്‍ മാറ്റി. ഇന്ന് ചിലര്‍ ഭരണഘടന പരസ്യമായി പ്രദര്‍ശിപ്പിക്കുകയാണെന്നും, ആരുടെയും പേരെടുത്ത് പറയാതെ മന്ത്രി പരോക്ഷമായി വിമര്‍ശിച്ചു.
അവര്‍ പശ്ചാത്താപമോ ഖേദമോ പ്രകടിപ്പിക്കണമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. തുടര്‍ന്ന് തിരുവനന്തപുരം ശ്രീവരാഹം എന്‍എസ്എസ് ഹാളില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം അദ്ദേഹം ‘മന്‍ കി ബാത്ത്’ ശ്രവിച്ചു.
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നടന്ന ഒരു പരിപാടിയിലും പ്രഹ്ലാദ് ജോഷി സമാന വിമര്‍ശനം നടത്തിയിരുന്നു. കോൺഗ്രസ് പാർട്ടിക്ക് “ഭരണഘടനയെക്കുറിച്ച് സംസാരിക്കാൻ ധാർമ്മിക അവകാശമില്ലെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
ഭരണഘടനാ അസംബ്ലി ചർച്ചകളിൽ മതേതര, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ചേർക്കുന്നതിനെ ഡോ. ബി. ആർ. അംബേദ്കർ എതിർത്തിരുന്നുവെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പ്രഹ്ലാദ് ജോഷി പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ് ഇത് അവഗണിച്ചുവെന്നും പിന്നീട് 1976-ൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഈ പദങ്ങൾ ചേർത്തുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
#WATCH | Thiruvananthapuram, Kerala | Union Minister Pralhad Joshi says, “After the emergency was imposed, the 42nd amendment was brought, which changed the 32 provisions of the Constitution. Fifty per cent of the Constitution was changed…Today, some people are showing the… pic.twitter.com/OfYDfiR52W
— ANI (@ANI) June 29, 2025
കോൺഗ്രസിനെപ്പോലെ മറ്റാരും ഭരണഘടനയെ മാറ്റിമറിച്ചിട്ടില്ല. ഭരണഘടനയിലെ 35-ലധികം വ്യവസ്ഥകൾ ഭേദഗതി ചെയ്യപ്പെട്ടുവെന്നും, അധികാരം കേന്ദ്രീകരിച്ച് വ്യക്തി സ്വാതന്ത്ര്യങ്ങളെ പരിമിതപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
അക്കാലത്ത്, പത്രങ്ങൾക്ക് പോലും അച്ചടിക്കാൻ പോകുന്നതിനുമുമ്പ് സർക്കാരിന്റെ അനുമതി തേടേണ്ടി വന്നു. രാഷ്ട്രീയ സൗകര്യത്തിനായി ഭരണഘടനയിൽ കൃത്രിമം കാണിച്ചതിലൂടെ, ഭരണഘടനാ മൂല്യങ്ങൾ പ്രസംഗിക്കാനുള്ള അവകാശം കോൺഗ്രസ് പാർട്ടി നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.