VB G RAM G: വിബി ജി റാം ജിയ്ക്ക് അംഗീകാരം; പേരുമാറ്റ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു
MGNREGA Replacement: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി വിബി ജി റാം ജി എന്നാക്കുന്നതിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ബില്ല് പ്രതിപക്ഷം ലോക്‌സഭയില്‍ കീറിയെറിഞ്ഞു.

രാഷ്ട്രപതി ദ്രൗപതി മുര്‍മു
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്ന ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവെച്ചു. വിബി ജി റാം ജി അഥവ വികസ്ത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ എന്നാണ് പുതിയ പേര്. ബില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കിയിരുന്നു. ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു ബില്‍ പാസായത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി വിബി ജി റാം ജി എന്നാക്കുന്നതിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ബില്ല് പ്രതിപക്ഷം ലോക്‌സഭയില്‍ കീറിയെറിഞ്ഞു. ബില്ല് പാര്‍ലമെന്റി സ്റ്റാന്‍ഡിങ് കമ്മിറ്റിക്കോ, സംയുക്ത പാര്‍ലമെന്ററി സമിതിക്കോ വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളി ബില്‍ പാസാക്കുകയായിരുന്നു.
ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 125 തൊഴില്‍ ദിനങ്ങള്‍ നല്‍കുകയെന്നതാണ് പുതിയ ലക്ഷ്യം. നേരത്തെയുള്ള 100 തൊഴില്‍ ദിനങ്ങളുടെ പരിധി പലപ്പോഴും മിനിമം ഗ്യാരണ്ടിക്ക് പകരം കര്‍ശന പരിധിയായി പ്രവര്‍ത്തിച്ചിരുന്നു എന്ന് ബില്ല് ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയുടെ ഫണ്ടിങ് ഘടനയിലും ബില്‍ ഒരു പ്രധാന മാറ്റം കൊണ്ടുവരുന്നുണ്ട്. വേതനത്തിന് പൂര്‍ണമായ കേന്ദ്ര ധനസഹായം ലഭിച്ചിരുന്ന MGNREGA യില്‍ നിന്ന് വ്യത്യസ്തമായി, വിബി ജി റാം ജിയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും പങ്കുണ്ടാകും.
Also Read: VB-G RAM G: വിബി ജി റാം ജി ബില്‍ പാസാക്കി ലോക്‌സഭ; പകര്‍പ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷം
കൂടാതെ പദ്ധതി നടപ്പാക്കുന്ന ഗ്രാമീണമേഖലകള്‍ കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും അറിയിക്കുന്നത്. അതിനാല്‍ തന്നെ ഇപ്പോള്‍ പദ്ധതിയില്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗത്തിന് തൊഴില്‍ നഷ്ടമാകും. കാര്‍ഷിക സീസണില്‍ 60 ദിവസം തൊഴിലുറപ്പ് പാടില്ലെന്നും നിബന്ധനയുണ്ട്.