PM Narendra Modi Birthday: പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം; മോദിയുടെ ചിത്രം പതിപ്പിച്ച 75 ഡ്രോണുകൾ ഡൽഹിയിൽ വിന്യസിക്കും
Prime Minister Narendra Modi 75th Birthday: ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികളാണ് ഈ 75 ഡ്രോണുകൾ വികസിപ്പിച്ചെടുത്തിട്ടുള്ളത്. പിന്നീട് ഈ ഡ്രോണുകൾ ഡൽഹി പൊലീസിന് കൈമാറുമെന്നും ഓരോ ജില്ലയ്ക്കും അഞ്ച് ഡ്രോണുകൾ വീതം അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

Pm Narendra Modi
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ 75 ഡ്രോണുകൾ വിന്യസിക്കും. അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച 75 ഡ്രോണുകളാണ് ഡൽഹി സർക്കാർ വിന്യസിക്കുക. സെപ്റ്റംബർ 17നാണ് (നാളെ) മോദിയുടെ ജന്മദിനം. അദ്ദേഹത്തിന് 75 വയസ് തികയുന്ന വേളയിൽ 75 പദ്ധതികളും, പരിപാടികളുമാണ് ഡൽഹി സർക്കാർ ലക്ഷ്യമിടുന്നത്. ഡൽഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിലാണ് ഡ്രോണുകൾ വിന്യസിക്കുന്നതെന്ന് സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികളാണ് ഈ 75 ഡ്രോണുകൾ വികസിപ്പിച്ചെടുത്തിട്ടുള്ളത്. പിന്നീട് ഈ ഡ്രോണുകൾ ഡൽഹി പൊലീസിന് കൈമാറുമെന്നും ഓരോ ജില്ലയ്ക്കും അഞ്ച് ഡ്രോണുകൾ വീതം അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനായി വനിതാ കോൺസ്റ്റബിൾ ഉദ്യോഗസ്ഥർക്ക് പ്രത്യേകം പരിശീലനവും നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ‘സേവ പഖ്‌വാഡ’ എന്ന കാമ്പെയ്‌നിന്റെ കീഴിൽ നിരവധി സംരംഭങ്ങൾ ആരംഭിക്കുമെന്ന് ഡൽഹി സർക്കാർ പറഞ്ഞു. അവയവം മാറ്റിവയ്ക്കൽ, ബോധവൽക്കരണ പോർട്ടൽ എന്നിവയുടെ ഉദ്ഘാടനം, അന്തർ സംസ്ഥാന ബസ് സർവീസ്, 100 പുതിയ ബസുകൾ തുടങ്ങി പൊതുജനങ്ങൾക്കായി നിരവധി മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
1950 സെപ്റ്റംബർ 17ന് വടക്കൻ ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ഒരു ചെറിയ പട്ടണമായ വാദ്‌നഗറിൽ ദാമോദർദാസ് മോദിയുടെയും ഹീരാബ മോദിയുടെയും മൂന്നാമത്തെ കുട്ടിയായാണ് നരേന്ദ്ര മോദിയുടെ ജനനം. എല്ലാ വർഷവും അദ്ദേഹത്തിൻ്റെ ജന്മദിനെ സേവാ ദിവസ് (സേവന ദിനം) ആയിട്ടാണ് ആഘോഷിക്കുന്നത്. രക്തദാന ക്യാമ്പുകൾ, ശുചിത്വ പരിപാടികൾ, ആരോഗ്യ ക്യാമ്പുകൾ എന്നിവയുൾപ്പെടെ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.