Chenab Bridge Inauguration: ചെനാബ് പാലത്തിലൂടെ ഇനി തീവിണ്ടി കുതിക്കും; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
Narendra Modi inaugurates Chenab Bridge: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ ആർച്ച് പാലമെന്നതാണ് ചെനാബിൻ്റെ പ്രത്യേകത. നദിയിൽ നിന്ന് 359 മീറ്ററാണ് ഇതിൻ്റെ ഉയരം. ഈഫൽ ടവറിനെക്കാൾ (324 മീറ്റർ) 35 മീറ്റർ അധികം ഉയരമാണ് ഇതിന് കണക്കാക്കുന്നത്. 1486 കോടി രൂപ ചെലവിൽ 13000 മെട്രിക് ടൺ ഭാരവും 1100 മീറ്റർ നീളത്തിലുമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

റിയാസി: മലനിരകളെ സാക്ഷിയാക്കി ലോകത്ത് ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചരിത്ര നിമിഷത്തിനാണ് ശിവാലിക് താഴ്വര സാക്ഷിയായത്. ചെനാബ് പാലത്തിൽ കൂടിയുള്ള ആദ്യ തീവണ്ടി ഓട്ടത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഒറ്റത്തൂണിൽ 96 കേബിളുകളുടെ ബലത്തിൽ നിൽക്കുന്ന അൻജി പാലവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യ പാക് പ്രശ്നങ്ങൾക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കശ്മീരിലെത്തുന്നത്.
ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ ആർച്ച് പാലമെന്നതാണ് ചെനാബിൻ്റെ പ്രത്യേകത. നദിയിൽ നിന്ന് 359 മീറ്ററാണ് ഇതിൻ്റെ ഉയരം. ഈഫൽ ടവറിനെക്കാൾ (324 മീറ്റർ) 35 മീറ്റർ അധികം ഉയരമാണ് ഇതിന് കണക്കാക്കുന്നത്. 1486 കോടി രൂപ ചെലവിൽ 13000 മെട്രിക് ടൺ ഭാരവും 1100 മീറ്റർ നീളത്തിലുമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മണിക്കൂറിൽ 260 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാനും ഭൂകമ്പത്തെ ചെറുക്കാനുമുള്ള കഴിവ് പാലത്തിനുണ്ട്.
ഭീകരാക്രമണത്തെ ചെറുക്കാൻ ബ്ലാസ്റ്റ് പ്രൂഫ് സ്റ്റീൽ ഉപയോഗിച്ചാണ് ചെനാബാ പാലം നിർമ്മിച്ചിരിക്കുന്നത്. പാലത്തിന്റെ പ്രധാന ഭാഗത്ത് 467 മീറ്ററിലുള്ള ഒരു കമാനമുണ്ട് (ആർച്ച്). 17 സ്പാനുകളുണ്ട്. 120 വർഷത്തെ ആയുസാണ് ഈ പാലത്തിന് പറയുന്നത്. 100 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാം. ജമ്മു കശ്മീരിനെ റിയാസി ജില്ലയിലെ കത്രയുമായി ബന്ധിപ്പിക്കുന്നതാണ് ഈ റെയിൽപ്പാത. വന്ദേ ഭാരതാണ് ഈ പാതയിലൂടെയുള്ള ആദ്യ സർവീസ് നടത്തിയത്.
വൈഷ്ണോദേവി ക്ഷേത്രം ഉൾപ്പെടുന്ന കത്ര പ്രദേശത്തേക്ക് ദിവസവും ഒട്ടേറെ ഭക്തരാണ് എത്തിച്ചേരുന്നത്. ഇതുവരെ കാൽനടയായോ ബോട്ടുമാർഗമോ മാത്രമാണ് ഈ സ്ഥലത്തേക്ക് യാത്രക്കാർ പോയിരുന്നത്. ഇനി മുതൽ തീവണ്ടിയിൽ പോകാം. 272 കിലോമീറ്റർ ദൈർഘ്യത്തിൽ 38 തുരങ്കങ്ങളും 927 പാലങ്ങളുമുള്ള കശ്മീർ റെയിൽവേ പദ്ധതിയുടെ ഭാഗമായ ചെനാബ് പാലത്തിന് നദീനിരപ്പിൽനിന്ന് 359 മീറ്റർ ഉയരമുണ്ട്.