Narendra Modi Maldives Visit: മാലദ്വീപുമായുള്ളത് ആഴത്തിലുള്ള ബന്ധം; ഇന്ത്യ ഏറ്റവും വിശ്വസ്ത വികസനപങ്കാളിയെന്ന് മുയിസ്സു
Narendra Modi Maldives Visit: ദ്വീപിന്റെ ഏറ്റവും വിശ്വസ്തനായ വികസനപങ്കാളിയായാണ് ഇന്ത്യയെ മാലദ്വീപ് പ്രസിഡന്റായ മുഹമ്മദ് മുയിസ്സു വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വളരുമെന്നതിൻ്റെ സൂചനയാണ് ഇരുവരും കൂടികാഴ്ച്ചയ്ക്ക് ശേഷം നൽകിയത്.

Narendra Modi Maldives Visit
ന്യൂഡൽഹി: ഇന്ത്യയും മാലദ്വീപും തമ്മിൽ ചരിത്രപരമായും നയതന്ത്രപരമായും ആഴത്തിലുള്ള ബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലദ്വീപ് സന്ദർശനവേളയിലാണ് പ്രധാനമന്ത്രി ദ്വീപുമായുള്ള ബന്ധത്തെ കുറിച്ച് വീണ്ടും ആവർത്തിച്ചിരിക്കുന്നത്. ‘നമ്മുടെ ബന്ധത്തിന്റെ വേരുകൾക്ക് ചരിത്രത്തെക്കാൾ പഴക്കവും സമുദ്രത്തോളം ആഴവുമുണ്ട്”, മോദി പറഞ്ഞു.
അതേസമയം ദ്വീപിന്റെ ഏറ്റവും വിശ്വസ്തനായ വികസനപങ്കാളിയായാണ് ഇന്ത്യയെ മാലദ്വീപ് പ്രസിഡന്റായ മുഹമ്മദ് മുയിസ്സു വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വളരുമെന്നതിൻ്റെ സൂചനയാണ് ഇരുവരും കൂടികാഴ്ച്ചയ്ക്ക് ശേഷം നൽകിയത്. വ്യാപാരം, പ്രതിരോധം, സമുദ്രമേഖലാസുരക്ഷ തുടങ്ങിയ സുപ്രധാനവിഷയങ്ങളിൽ മോദിയും മുയിസ്സുവും തമ്മിലുള്ള കൂടികാഴ്ച്ചയിൽ ചർച്ചയായിട്ടുണ്ട്.
“അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ നമ്മുടെ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നത് തുടരും. ഇത് നമ്മുടെ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. വരും വർഷങ്ങളിൽ ഈ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” മോദി എക്‌സിലൂടെ അറിയിച്ചു.
വികസനത്തിലൂടെയും വികസന സഹകരണത്തിലൂടെയും ഇന്ത്യ മാലിദ്വീപിനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച മോദി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി വിപുലമായ ചർച്ചകളാണ് നടത്തിയത്. കൂടാതെ ദ്വീപ് രാഷ്ട്രത്തിന് 4,850 കോടി രൂപയുടെ വായ്പയും ഈ വേളയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം 2023 ൽ മുയിസ്സു അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളാകുകയും ഇന്ത്യ പുറത്ത് എന്ന തരത്തിൽ വലിയ പ്രചാരണം മാലദ്വീപിൽ നടക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നതിനുള്ള സൂചനയാണ് പ്രധാനമന്ത്രിയുടെ മാലദ്വീപ് സന്ദർശനത്തിലൂടെ വ്യക്തമാകുന്നത്.