Ranveer Allahbadia: മാന്യതയും ധാര്‍മികതയും പാലിക്കണം, പരിധിവിട്ട പരാമര്‍ശം വേണ്ടാ; അലഹബാദിയക്ക് പോഡ്കാസ്റ്റ് പുനരാരംഭിക്കാമെന്ന് സുപ്രീംകോടതി
Supreme Court Give Permission To Restart Ranveer Allahbadia's Podcast: അലഹബാദിയയുടെ പോഡ്കാസ്റ്റ് റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി നടപടി. തന്റെ ഏക ഉപജീവന മാര്‍ഗമാണ് ചാനലെന്നും അതിനെ ആശ്രയിച്ച് 200 പേര്‍ കഴിയുന്നതെന്നും അലഹബാദിയ സുപ്രീകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
ന്യൂഡല്‍ഹി: പോഡ്കാസ്റ്റിനിടെ അശ്ലീല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ യുട്യൂബര്‍ രണ്‍വീര്‍ അലഹബാദിയക്ക് പോഡ്കാസ്റ്റ് പുനരാരംഭിക്കാമെന്ന് സുപ്രീംകോടതി. മാന്യതയും ധാര്‍മികതയും പാലിച്ചുകൊണ്ടായിരിക്കണം ചാനല്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു. പോഡ്കാസ്റ്റ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട അലഹബാദിയയുടെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
അലഹബാദിയയുടെ പോഡ്കാസ്റ്റ് റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി നടപടി. തന്റെ ഏക ഉപജീവന മാര്‍ഗമാണ് ചാനലെന്നും അതിനെ ആശ്രയിച്ച് 200 പേര്‍ കഴിയുന്നതെന്നും അലഹബാദിയ സുപ്രീകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
എന്നാല്‍ പോഡ്കാസ്റ്റ് പുനരാരംഭിക്കുന്നതിന് മാനദണ്ഡങ്ങളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഏത് പ്രായക്കാര്‍ക്കും കാണാനാകുന്ന രീതിയില്‍ പോഡ്കാസ്റ്റില്‍ ധാര്‍മികതയുടെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കോടതി അലഹബാദിയയോട് പറഞ്ഞു. സംസാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും മോശം ഭാഷ ഉപയോഗിക്കുന്നത് ഒരിക്കലും നര്‍മമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.




പരിധി വിട്ട പരാമര്‍ശം നടത്തുകയാണെങ്കില്‍ അത് ജാമ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും കോടതി നല്‍കിയിട്ടുണ്ട്. അതിനിടെ, അലഹബാദിയക്ക് എതിരെയുള്ള കേസില്‍ കോടതി സ്വീകരിച്ച നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനങ്ങളെ കുറിച്ചും കോടതി പരാമര്‍ശിച്ചു. ഇത്തരം ലേഖനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന യുട്യൂബ് ഷോയ്ക്കിടെയാണ് രണ്‍വീര്‍ അലഹബാദിയ അശ്ലീല പരാമര്‍ശം നടത്തിയത്. ഷോയ്ക്കിടെ ഒരു മത്സരാര്‍ത്ഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെ കുറിച്ച് അലഹബാദിയ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നു.
Also Read: Ranveer Allahbadia: അധിക്ഷേപം അതിരുകടന്നു; റണ്‍വീര്‍ അല്ലാഹ്ബാദിയ ഉള്‍പ്പെടെ 40 പേര്‍ക്ക് സമന്‍സ്
അലഹബാദിയയ്‌ക്കെതിരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവം വിവാദമായതിനെ പിന്നാലെ മാപ്പ് പറഞ്ഞ് അവതാരകന്‍ രംഗത്തെത്തിയിരുന്നു. കേസുകള്‍ പരിഗണിച്ച കോടതി ഷോ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു.
അതേസമയം, യൂട്യൂബ് ചാനലുകളിലെ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടി വേണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൗലികാവകാശങ്ങളെ ബാധിക്കാത്ത തരത്തില്‍ ഫലപ്രദമായ നടപടിയെടുക്കണമെന്നാണ് നിര്‍ദേശം. രണ്‍വീര്‍ അലഹബാദിയയുടെ കേസിലാണ് കോടതി നിര്‍ദേശം മുന്നോട്ടുവെച്ചത്.