Republic Day Parade 2026: ഇന്ത്യയുടെ സൈനിക കരുത്ത് വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്; സൂര്യാസ്ത്ര ലോഞ്ചറും കമാൻഡോ ബറ്റാലിയനും ആദ്യമായി അരങ്ങിലേക്ക്
Republic Day Parade 2026 key highlights: യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് പരേഡിലെ മുഖ്യാതിഥികൾ.

Republic Day 2026
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡ് ജനുവരി 26-ന് കർത്തവ്യ പഥിൽ നടക്കുമ്പോൾ രാജ്യത്തിന്റെ സൈനിക കരുത്ത് വിളിച്ചോതുന്ന നിരവധി പുതുമകൾക്ക് ലോകം സാക്ഷ്യം വഹിക്കും. ഇത്തവണത്തെ പരേഡിൽ ആദ്യമായി ‘സൂര്യാസ്ത്ര’ റോക്കറ്റ് ലോഞ്ചർ സിസ്റ്റം, പുതുതായി രൂപീകരിച്ച ഭൈരവ് ലൈറ്റ് കമാൻഡോ ബറ്റാലിയൻ, ബാക്ട്രിയൻ ഒട്ടകങ്ങൾ എന്നിവ അണിനിരക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇത്തവണത്തെ പരേഡിലെ ഏറ്റവും വലിയ സവിശേഷത ‘ബാറ്റിൽ അറേ ഫോർമേഷൻ’ ആണ്. യുദ്ധക്കളത്തിൽ സൈനിക നീക്കം എങ്ങനെയാണോ നടക്കുന്നത്, അതേ മാതൃകയിലായിരിക്കും ടാങ്കുകളും മറ്റ് ആയുധങ്ങളും നീങ്ങുക. ഇതിന്റെ ഭാഗമായി 61 കാവൽറി അംഗങ്ങൾ അവരുടെ പരമ്പരാഗത യൂണിഫോമിന് പകരം യുദ്ധ വസ്ത്രങ്ങൾ ധരിച്ചാകും പരേഡിൽ പങ്കെടുക്കുക.
Also read – ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നത് വോട്ടർമാർ: ദേശീയ വോട്ടർ ദിനത്തിൽ പ്രധാനമന്ത്രി
പ്രധാന ആകർഷണങ്ങൾ
- 300 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഉപരിതല-ഉപരിതല റോക്കറ്റ് ലോഞ്ചർ സിസ്റ്റം ആദ്യമായി പ്രദർശിപ്പിക്കും.
- ഭൈരവ് ബറ്റാലിയൻ: ഇൻഫൻട്രിക്കും സ്പെഷ്യൽ ഫോഴ്സിനും ഇടയിലുള്ള വിടവ് നികത്താൻ രൂപീകരിച്ച പുതിയ കമാൻഡോ ബറ്റാലിയൻ പരേഡിൽ അരങ്ങേറ്റം കുറിക്കും.
- ശക്തിബാൻ റെജിമെന്റ്: ഡ്രോണുകൾ, കൗണ്ടർ ഡ്രോൺ സംവിധാനങ്ങൾ, ലോയിറ്റർ മ്യൂണിഷൻ എന്നിവ ഉൾപ്പെടുന്ന പുതിയ ആർട്ടിലറി റെജിമെന്റും പരേഡിന്റെ ഭാഗമാകും.
- മൃഗ സൈന്യം: സാൻസ്‌കർ പോണികൾ, ഇരട്ട പൂഞ്ഞയുള്ള ബാക്ട്രിയൻ ഒട്ടകങ്ങൾ, ആർമി നായ്ക്കൾ, വേട്ടയാടാൻ ഉപയോഗിക്കുന്ന പക്ഷികൾ എന്നിവ ഇത്തവണത്തെ മൃഗ സൈന്യത്തിലുണ്ടാകും.
അതിഥികൾ
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് പരേഡിലെ മുഖ്യാതിഥികൾ. ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനന്റ് ജനറൽ ഭവ്‌നിഷ് കുമാറാണ് പരേഡ് കമാൻഡർ. അദ്ദേഹത്തിന്റെ മകൻ ക്യാപ്റ്റൻ അഹാൻ കുമാർ 61 കാവൽറിക്ക് നേതൃത്വം നൽകും.
റാഫേൽ, സുഖോയ്-30, മിഗ്-29, അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ 29 വിമാനങ്ങൾ ആകാശത്ത് വിസ്മയം തീർക്കും. 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരേഡിൽ 18 മാർച്ചിംഗ് കോണ്ടിംഗന്റുകളും 13 ബാൻഡുകളും പങ്കെടുക്കും. ‘വന്ദേ മാതരത്തിന്റെ 150 വർഷങ്ങൾ’ എന്നതാണ് ഈ വർഷത്തെ പരേഡിന്റെ പ്രധാന പ്രമേയം.