ആർഎസ്എസ് അഖിലേന്ത്യ എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിന് ജബൽപൂരിൽ തുടക്കം; ശതാബ്ദി ആഘോഷത്തിൻ്റെ അന്തിമരൂപമാകും
ആർഎസ്എസിൻ്റെ ശതാബ്ദി വർഷ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങളാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയം. ഭവന സമ്പർക്ക പരിപാടി, ഹിന്ദു സമ്മേളനങ്ങൾ, സദ്ഭാവ് യോഗങ്ങൾ, പ്രമുഖ വ്യക്തികളുടെ സമ്മേളനങ്ങൾ എന്നിവയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തും

RSS
ജബൽപൂർ : രാഷ്ട്രീയ സ്വയംസേവക സംഘിൻ്റെ (ആർഎസ്എസ്) അഖിലേന്ത്യ എക്സിക്യൂട്ടീവ് ബോർഡ് യോഗം (അഖില ഭാരതീയ കാര്യകാരി മണ്ഡൽ ബൈഠക്) മധ്യപ്രദേശിലെ ജബൽപൂരിൽ തുടക്കമായി. ഇന്ന് ഒക്ടോബർ 30 മുതൽ നവംബർ ഒന്നാം തീയതി വരെ നീണ്ട് നിൽക്കുന്ന യോഗത്തിൽ ആർഎസ്എസിൻ്റെ ശതാബ്ദി ആഘോഷവും അതിനോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്കും അന്തിമരൂപമാകും. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും ചേർന്ന് ഭാരതമാതാവിന് പുഷ്പാർച്ചന നടത്തി യോഗം ഉദ്ഘാടനം ചെയ്തു.
ആറ് സഹസർകാര്യവാഹുമാർ ഉൾപ്പെടെയുള്ള അഖില ഭാരതീയ കാര്യകാരി അംഗങ്ങൾ, 11 ക്ഷേത്രങ്ങളിൽ നിന്നും 46 പ്രാന്തങ്ങളിൽ നിന്നുമുള്ള സംഘചാലകന്മാർ, കാര്യവാഹുമാർ, പ്രചാരകന്മാർ തുടങ്ങി 407 പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സഹസർകാര്യവാഹുമാരായ ഡോ. കൃഷ്ണ ഗോപാൽ, മുകുന്ദ , അരുൺ കുമാർ, രാംദത്ത് ചക്രധർ, അലോക് കുമാർ, അതുൽ ലിമായെ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
യോഗത്തിന്റെ തുടക്കത്തിൽ അടുത്തിടെ അന്തരിച്ച പ്രമുഖ വ്യക്തികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. രാഷ്ട്ര സേവികാ സമിതിയുടെ മുൻ പ്രമുഖ് സഞ്ചാലിക പ്രമീള തായ് മേഢെ, മുതിർന്ന പ്രചാരകൻ മധു ഭായ് കുൽക്കർണി, മുൻ മുഖ്യമന്ത്രിമാരായിരുന്ന വിജയ് രൂപാനി, ഷിബു സോറൻ, മുതിർന്ന ഡൽഹി നേതാവ് വിജയ് മൽഹോത്ര, പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. കസ്തൂരിരംഗൻ, മുൻ ഗവർണർ എൽ. ഗണേശൻ, ഗാനരചയിതാവ് പീയൂഷ് പാണ്ഡെ, നടന്മാരായ സതീഷ് ഷാ, പങ്കജ് ധീർ, ഹാസ്യനടൻ അസ്രാണി, അസമീസ് സംഗീതജ്ഞൻ സുബീൻ ഗാർഗ് എന്നിവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
കൂടാതെ, പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും, എയർ ഇന്ത്യ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങളിൽ മരിച്ചവർക്കും യോഗം ആദരം രേഖപ്പെടുത്തി. പ്രകൃതി ദുരന്തം ബാധിച്ച പ്രദേശങ്ങളിൽ സ്വയംസേവകർ സമൂഹത്തിൻ്റെ സഹകരണത്തോടെ നടത്തിയ ദുരിതാശ്വാസ-സേവാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും യോഗത്തിൽ പങ്കുവെച്ചു.
ആർഎസ്എസിൻ്റെ ശതാബ്ദി വർഷ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങളാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയം. ഭവന സമ്പർക്ക പരിപാടി, ഹിന്ദു സമ്മേളനങ്ങൾ, സദ്ഭാവ് യോഗങ്ങൾ, പ്രമുഖ വ്യക്തികളുടെ സമ്മേളനങ്ങൾ എന്നിവയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തും. ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം രക്തസാക്ഷിത്വ വാർഷികം, ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം, വന്ദേ മാതരം രചിച്ച് 150 വർഷം പൂർത്തിയാക്കിയത് എന്നിവയുമായി ബന്ധപ്പെട്ട് പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിനെക്കുറിച്ചും തുടർ പരിപാടികളെക്കുറിച്ചും ചർച്ചകൾ നടക്കും.