Shibu Soren: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു
Shibu Soren Passes Away: ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുജി നമ്മളെയെല്ലാം വിട്ടുപോയി. ഇന്ന് എനിക്ക് പൂര്‍ണമായ ശൂന്യത തോന്നുന്നു, എന്നാണ് ഹേമന്ത് സോറന്‍ എക്‌സില്‍ കുറിച്ചത്.

ഷിബു സോറന്‍
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭ എംപിയുമായ ഷിബു സോറന്‍ അന്തരിച്ചു. ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയിലായിരുന്നു അന്ത്യം. 8ാം വയസിലാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍. ഷിബു സോറന്റെ മകനും ഇപ്പോഴത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ വാര്‍ത്ത എക്‌സിലൂടെ സ്ഥിരീകരിച്ചു.
ഗുരുജി നമ്മളെയെല്ലാം വിട്ടുപോയി. ഇന്ന് എനിക്ക് പൂര്‍ണമായ ശൂന്യത തോന്നുന്നു, എന്നാണ് ഹേമന്ത് സോറന്‍ എക്‌സില്‍ കുറിച്ചത്.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സോറന്‍ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഒരു മാസത്തിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്.
അദ്ദേഹത്തെ അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ജൂണ്‍ 24ന് പിതാവിനെ കാണാനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഹേമന്ത് പറഞ്ഞിരുന്നു.
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു ഷിബു സോറന്‍. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹം എട്ട് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ രാജ്യസഭാംഗമായി. രാജ്യസഭ എംപിയായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് അന്ത്യം.
സന്താല്‍ സമുദായത്തില്‍പ്പെട്ട സോറന്‍ അന്ന് ബീഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയിലാണ് ജനിച്ചത്. ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാവ് എകെ റോയ്, കുര്‍മി മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോ എന്നിവരുമായി ചേര്‍ന്ന് അദ്ദേഹം 1972ല്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച രൂപീകരിച്ചു.
Also Read: D K Shivakumar: നമ്മളില്‍ ചിലര്‍ അധികാരം പങ്കിടാന്‍ പോലും തയാറല്ല: ഡി കെ ശിവകുമാര്‍
പിന്നീട് 2000 ല്‍ ജാര്‍ഖണ്ഡ് രൂപീകരണത്തിലേക്ക് നയിച്ച പ്രസ്ഥാനത്തിന്റെ മുഖമായി തന്നെ സോറന്‍ മാറി. 1980ല്‍ ദുംകയില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക്. പിന്നീട് ജെഎംഎമ്മിന്റെ ശക്തിയായും മാറുന്നു. 2019ല്‍ ബിജെപിയുടെ നളിന്‍ സോറന്‍ 45,000 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ അദ്ദേഹത്തിന് പരാജയം ഏറ്റുവാങ്ങി.
2005ല്‍ ആദ്യമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി. പക്ഷെ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുകയും അദ്ദേഹം പരാജയപ്പെടുകയും ചെയ്തതോടെ 9 ദിവസത്തിനുള്ളില്‍ സോറന് രാജിവെക്കേണ്ടതായും വന്നു.