ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
13 Indian Seafarers Rescued After Tanker Attack Off Oman: മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകൾക്കും നാവികർക്കും സാധാരണക്കാർക്കും നേരെയുള്ള ആക്രമണം ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ യാത്രയും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കനമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഒമാൻ തിരത്ത് വാണിജ്യ കപ്പലിന് നെരെ നടന്ന ആക്രമണത്തെ തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന 13 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. കാണാതായ ഒരു ഇന്ത്യക്കാരന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പനാമയുടെ പതാകയേന്തിയ ‘എം.ടി.എൽ ഗയ’ എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. കപ്പലിൽ 14 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത് എന്നും ഇതിൽ 13 പേരെ സുരക്ഷിതമായി കരയിലെത്തിച്ചതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ ഒമാൻ്റെ സഹായത്തോടെ ഊർജ്ജിതമായി നടക്കുകയാണ്. ഒമാനിലെ ഇന്ത്യൻ എംബസി രക്ഷാ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട് എന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകൾക്കും നാവികർക്കും സാധാരണക്കാർക്കും നേരെയുള്ള ആക്രമണം ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ യാത്രയും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കനമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിന് നയതന്ത്ര ചർച്ചകൾ അനിവാര്യമാണെന്നും കേന്ദ്ര സർക്കാർ ഓർമ്മപ്പെടുത്തി.
Also Read: Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
ഇറാൻ-അമേരിക്ക സംഘർഷങ്ങളെ തുടർന്ന് ഹോർമൂസിൽ കപ്പലുകൾ ആക്രമിക്കപ്പെടുന്നത് നിത്യസംഭവമായി മറുകയാണ്. പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്നാണ് ഡൽഹിയിൽ സമാപനമായത്. അതിനിടെയാണ് ഇന്ത്യൻ നാവികരുമായി യാത്ര ചെയ്യുകയായിരുന്ന കപ്പലിന് നേരെ ആക്രമണം ഉണ്ടായി എന്ന വാർത്ത പുറത്തുവരുന്നത്. കപ്പൽ പാതകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.
“കടൽപ്പാതകൾ സുരക്ഷിതമാകുമ്പോഴും, വിതരണ ശൃംഖല തടസ്സമില്ലാതെ പ്രവർത്തിക്കുമ്പോഴും, നാവികർ സുരക്ഷിതരായിരിക്കുമ്പോഴും മത്രമേ വാണിജ്യ രംഗത്ത് പുരോഗതി സാധ്യമാകൂ. അതുകൊണ്ടാണ് നാവികരുടെ സുരക്ഷയ്ക്കും കടലിലൂടെയുള്ള സ്വതന്ത്ര യാത്രക്കും ഇന്ത്യ എക്കാലത്തും പിന്തുണ നൽകുന്നത്” എന്നായിരുന്നു ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രതികരണം
കഴിഞ്ഞ മാസം ചെങ്കടലിൽ യെമൻ തീരത്ത് വച്ച് എം.എസ്.വി ഫൈസ് നൂറെ ഒലിയ എന്ന ഇന്ത്യൻ വാണിജ്യ കപ്പൽ മുങ്ങിയിരുന്നു. അന്ന് കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരെയും യെമൻ അധികൃതരുടെ സഹായത്തോടെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു.
English Summary
Thirteen Indian seafarers were rescued and one remains missing after commercial vessel MT El Gaia was attacked off Oman. India strongly condemned the incident, urging regional de-escalation and safe navigation.