Shubhanshu Shukla: ബഹിരാകാശ യാത്രയിൽ ഹൽവ കയ്യിൽ കരുതി ശുഭാംശു ശുക്ല; ഒപ്പം മറ്റ് ചില ഇന്ത്യൻ വിഭവങ്ങളും
Shubhanshu Shukla to Enjoy Indian Dishes in Space: ഇന്ത്യയിൽ നിന്നുള്ള ചില ഭക്ഷണങ്ങളും ബഹിരാകാശ യാത്രയിൽ ശുഭാംശു ശുക്ല കൊണ്ടു പോകുമെന്ന് നേരത്തെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) അറിയിച്ചിരുന്നു.

ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് പേർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യിൽ നിന്നുമാണ് ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് പറന്നുയർന്നത്. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ബഹിരാകാശത്തേക്ക് പുറപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള ചില ഭക്ഷണങ്ങളും ബഹിരാകാശ യാത്രയിൽ ശുഭാംശു ശുക്ല കൊണ്ടു പോകുമെന്ന് നേരത്തെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) അറിയിച്ചിരുന്നു. മാങ്ങ കൊണ്ടുണ്ടാക്കിയ മധുരമുള്ള ഒരു പാനീയം, അരി, മൂങ് ദാൽ ഹൽവ എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ശരീരത്തിന് ഉന്മേഷം നൽകുന്ന മാമ്പഴപാനീയം മൈക്രോഗ്രാവിറ്റിയിൽ ഒരു സിപ്പർ ഉപയോഗിച്ച് കുടിക്കാൻ സാധിക്കും. എന്നാൽ, ഒട്ടിപ്പിടിക്കാത്ത പ്രകൃതമായത് കൊണ്ടുതന്നെ അരി കൊണ്ടു പോകുന്നത് അല്പം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മധുരമേറിയ മൂങ് ദാൽ ഹൽവ നന്നായി പാക്ക് ചെയ്‌ത ശേഷം ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നത്. ഇന്ത്യയുടെ സാംസ്കാരിക സ്വത്വം, പാചകപൈതൃകം എന്നിവയെ പ്രതിനിധാനം ചെയ്യാനാണ് രാജ്യത്ത് നിന്ന് ഇത്തരത്തിൽ ഭക്ഷണം കൊണ്ടുപോകുന്നത്.
ബഹിരാകാശത്തെ സാഹചര്യത്തിന് അനുയോജ്യമായ രീതിയിലാണ് ഭക്ഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നതും പാക്ക് ചെയ്തിരിക്കുന്നതും. വിഭവങ്ങളുടെ സുരക്ഷിതത്വം, പോഷകം, ഉപയോഗിക്കാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളും പരിഗണിച്ചിട്ടുണ്ട്. അതേസമയം, 41 വർഷങ്ങൾക്ക് ശേഷമാണ് ബഹിരാകാശത്തേക്ക് ഒരു ഇന്ത്യക്കാരൻ യാത്ര തിരിക്കുന്നത്. ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകതയും ഇതുതന്നെ ആണ്. വ്യാഴാഴ്ച വൈകുന്നേരം 4:30ന് ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തും. തുടർന്ന്, ഏകദേശം 14 ദിവസം സംഘം ഐഎസ്എസിൽ ചെലവഴിക്കും.